കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. അനീഷിനായുള്ള അന്വേഷണത്തിലാണ് പൊലീസ്.
തൃശ്ശൂര്‍: തൃശ്ശൂരില്‍ (Thrissur) അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ, ഭാര്യ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ മകൻ അനീഷിനായി വെള്ളിക്കുളങ്ങര പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വീടിന് പുറത്ത് പുല്ല് ചെത്തുകയായിരുന്നു കുട്ടനും ഭാര്യ ചന്ദ്രികയും. വീടിനകത്ത് നിന്ന് വെട്ടുകത്തിയുമായെത്തിയ മകൻ ദമ്പതികളെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു.
കഴുത്തിലും നെഞ്ചിലുമായി അച്ഛന് 20 ഓളം വെട്ടേറ്റു. മകൻ ആക്രമിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. അതുവഴി എത്തിയ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അനീഷ് അവരെ തള്ളിമാറ്റി. കൊലപാതകത്തിന് ശേഷം പൊലീസിൽ കീഴടങ്ങാൻ പോവുകയാണെന്ന് പറഞ്ഞ് അനീഷ് ബൈക്കിൽ അവിടെ നിന്ന് കടന്നുകളയുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പൊലീസ് പറഞ്ഞു. റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നു കുട്ടൻ. അവിവാഹിതനായ അനീഷും വിവാഹമോചിതയായ മകളും ഇവർക്കൊപ്പമായിരുന്നു താമസം. ഇവരുടെ വീട്ടിൽ വഴക്ക് പതിവയിരുന്നു. ഇതിന് മുമ്പും കുടുംബ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോൾ പൊലീസ് ഇടപെട്ടാണ് പരിഹരിച്ചിരുന്നത്.
- ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി; പ്രതിയെ അറസ്റ്റ് ചെയ്തു
ഗുരുവായൂർ: ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺ കോൾ പരിഭ്രാന്തി സൃഷ്ടിച്ചു. ശനിയാഴ്ച രാത്രി ഒമ്പതിനാണ് തിരുവനന്തപുരം പൊലീസ് കൺട്രോൾ സെല്ലിലേക്ക് സന്ദേശമെത്തിയത്. തുടർന്ന് പൊലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ ഒഴിപ്പിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ വ്യാജഭീഷണിയാണെന്ന് കണ്ടെത്തി. വ്യാജ സന്ദേശത്തിന് പിന്നിലുള്ളയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. ഗുരുവായൂർ നെന്മിനിയിൽ താമസിക്കുന്ന സജീവൻ കോളിപ്പറമ്പിൽ എന്നയാളാണ് ഫോൺ സന്ദേശത്തിന് പിന്നിൽ. കലക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരിൽ നേരത്തേ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു.
