ആര്‍ത്തവകാലമുള്‍പ്പെടെ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെ കഴിയാന്‍ നിര്‍ബന്ധിതയായിയെന്നത് അവരെ താമസിപ്പിച്ച റഹ്മാനെതിരെ നിയമനടപടി വേണ്ടതരത്തില്‍ മനുഷ്യാവകാശ ലംഘനമാണ്

പാലക്കാട്: നെന്മാറയില്‍ സ്ത്രിയെ പത്ത് വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന, കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മിഷന്‍ വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഉടന്‍തന്നെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും.

സാജിത എന്ന യുവതി അയല്‍വാസിയായ റഹ്മാന്‍ എന്ന യുവാവിനൊപ്പം ഇത്രയും കാലം അയാളുടെ വീട്ടിലെ ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും ഇതിനുള്ളില്‍ കഴിഞ്ഞുവെന്ന വാര്‍ത്ത അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമാണ്. ആര്‍ത്തവകാലമുള്‍പ്പെടെ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെ കഴിയാന്‍ നിര്‍ബന്ധിതയായിയെന്നത് അവരെ താമസിപ്പിച്ച റഹ്മാനെതിരെ നിയമനടപടി വേണ്ടതരത്തില്‍ മനുഷ്യാവകാശ ലംഘനമാണ്.

വാതിലില്‍ വൈദ്യുതി കടത്തിവിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിലൂടെ പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണ് ഈ സംഭവമെന്ന് കമ്മിഷന്‍ വിലയിരുത്തി. അതേസമയം, സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തിട്ടുമുണ്ട്. സംഭവത്തിൽ റിപ്പോ‌ർട്ട് നൽകാൻ കമ്മീഷൻ നെന്മാറ സിഐയോട് ആവശ്യപ്പെട്ടു. യുവതിക്ക് കൗൺസിലിം​ഗ് നൽകാനും നി‌ർദ്ദേശമുണ്ട്.

നെന്മാറ അയിലൂരിലാണ് കാമുകിയായ സാജിതയെ റഹ്മാൻ സ്വന്തം വീട്ടിൽ പത്തുവർഷത്തോളം ആരുമറിയാതെ താമസിപ്പിച്ചത്. സ്വന്തം മുറിയോട് ചേർന്ന് പ്രത്യേക സജ്ജീകരണങ്ങളൊരുക്കി വീട്ടുകാരെ വരെ അടുപ്പിക്കാതെയായിരുന്നു റഹ്മാൻ സജിതയെ ഒളിപ്പിച്ച് നിർത്തിയത്. മൂന്ന് മാസം മുമ്പ് കാണാതായ റഹ്മാനെ കഴിഞ്ഞദിവസം സഹോദരൻ വഴിവക്കിൽ വച്ച് തിരിച്ചറിഞ്ഞ് പൊലീസിലറിയിച്ചപ്പോഴാണ് സിനിമാകഥയെ വെല്ലുന്ന പ്രണയകഥയുടെ ചുരുളഴിയുന്നത്.

കാണാതാകുമ്പോള്‍ പെണ്‍കുട്ടിക്ക് 19 വയസായിരുന്നു പ്രായം. പൊലീസ് ഏറെ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. അന്ന് റഹ്മാനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അവസാനം, പൊലീസും വീട്ടുകാരും അന്വേഷണം അവസാനിപ്പിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ട് പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മകള്‍ വീട്ടുകാരടക്കം മറക്കുന്നതിനിടെയാണ് സംഭവത്തില്‍ സിനിമാ ക്ലൈമാക്‌സിനെ വെല്ലുന്ന ട്വിസ്റ്റ് ഉണ്ടാകുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona