ആലുവ: ആലുവയില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച 78കാരൻ അറസ്റ്റിലായി. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ആലുവ കീഴ്മാട് സ്വദേശി തോമസാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുടയിലെ അനാഥാലയത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2015ലാണ് 11 കാരിയായ പെണ്‍കുട്ടിയെ തോമസ് പീഡിപ്പിച്ചത്. സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അധ്യാപകരോടും മാതാപിതാക്കളോടും പെണ്‍കുട്ടി ഇക്കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. ഇക്കാര്യം അറിഞ്ഞ തോമസ് അന്ന് തന്നെ ആലുവ വിട്ടു. കേസ് എടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് തോമസിന്‍റെ ബന്ധുവീടുകളില്‍ ഉള്‍പ്പെടെ വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇതേസമയം പ്രതികളുടെ അടുത്ത ബന്ധുക്കളെ പൊലീസ് കൃത്യമായി നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. അങ്ങനെയാണ് ഇരിങ്ങാലക്കുടയിലെ അനാഥാലയത്തില്‍ തോമസുണ്ടെന്ന് പൊലീസ് മനസിലാക്കുന്നത്. ആലുവ ഈസ്റ്റ് സിഐ എൻ സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അനാഥാലയത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.