ഇടുക്കി: കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മാവൻ മരുമകനെ കുത്തികൊലപ്പെടുത്തി. ഇടുക്കി ആനവിലാസം മേലേമാധവന്‍‍കാനം സ്വദേശി മണികണ്ഠനാണ് മരിച്ചത്. പ്രതി പവന്‍ രാജിനെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട മുപ്പത്തിനാലുകാരനായ മണികണ്ഠന്‍റെ മാതൃസഹോദരനാണ് 58 കാരനായ പവന്‍രാജ്. 

കഴിഞ്ഞ ദിവസം പവന്‍രാജിന്‍റെ മകളുടെ ഭര്‍ത്താവും കൊല്ലപ്പെട്ട മണികണ്ഠനും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇത് ചോദ്യം ചെയ്യാൻ പവൻരാജ് ഉച്ചയോടെ മണികണ്ഠന്‍റെ വീടിന് സമീപമെത്തി. റോഡിൽ വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ഉന്തുതള്ളിലുമെത്തി. ഇതിന് പിന്നാലെ പവൻരാജ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് മണികണ്ഠനെ കുത്തിവീഴ്ത്തുകയായിരുന്നു. 

നാട്ടുകാര്‍ ചേര്‍ന്ന് മണികണ്ഠനെ ഉടൻ തന്നെ കുമളിയയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. സംഭവമറിഞ്ഞ് കുമളി പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ  പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മണികണ്ഠനെ കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.