കൊല്ലം: എല്‍ഡിഎഫിന്‍റെ മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് കൈ ഞരമ്പ് മുറിച്ച് യുവാവിന്‍റെ ആത്മഹത്യാശ്രമം. കൊല്ലം രണ്ടാം കുറ്റി സ്വദേശി അജോയ് ആണ് മനുഷ്യശൃംഖലയ്ക്കിടെ വന്ദേമാതരം വിളിച്ചു കൊണ്ടു കൈഞരമ്പ് മുറിച്ചത്. 

സ്വയം മുറിവേല്‍പ്പിച്ച ശേഷം റോഡില്‍ കിടന്ന ഇയാളെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ താങ്ങിയെടുത്ത് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കൈയിലെ മൂന്ന് ഞരമ്പുകള്‍ അറ്റ നിലയിലാണ് എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. 

കൈഞരമ്പ് മുറിച്ച യുവാവിന് നേരെ അക്രമ ശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. നിലവില്‍ അബോധാവസ്ഥയിലായ യുവാവില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് പൊലീസ് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും പൊലീസ് വിവരം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. 

മനുഷ്യചങ്ങല ആരംഭിച്ച ശേഷമായിരുന്നു അജോയിയുടെ ആത്മഹത്യ ശ്രമം. അപ്രതീക്ഷിതമായി യുവാവ് നടത്തിയ ആത്മഹത്യ ശ്രമം മനുഷ്യശൃംഖലയ്ക്ക് എത്തിയവരെ ഞെട്ടിച്ചെങ്കിലും പരിപാടികള്‍ മുടക്കമില്ലാതെ നടന്നു. കാസര്‍കോട് മുതല്‍ തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിള വരെ തീര്‍ത്ത മനുഷ്യ മഹാശൃംഖലയില്‍ പ്രമുഖരടക്കം നിരവധി പേരാണ് അണിചേര്‍ന്നത്.