പി കെ ജയലക്ഷ്മിക്ക് ശേഷം സ്വന്തം മന്ത്രിയെ കിട്ടിയ സന്തോഷത്തിലാണ് വയനാട്. അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറ്റവും പിറകിലെ ജില്ലയിലെ മന്ത്രിയാകുമ്പോൾ കേളുവിന് മുമ്പിൽ വെല്ലുവിളികളും കുറവല്ല.

വയനാട്: വയനാടിൻ്റ ചരിത്രത്തിലെ ആദ്യത്തെ സിപിഎം മന്ത്രിയെന്ന മേൽവിലാസമാണ് ഇനി ഒ ആർ കേളുവിന്. പി കെ ജയലക്ഷ്മിക്ക് ശേഷം സ്വന്തം മന്ത്രിയെ കിട്ടിയ സന്തോഷത്തിലാണ് വയനാട്. അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറ്റവും പിറകിലെ ജില്ലയിലെ മന്ത്രിയാകുമ്പോൾ കേളുവിന് മുമ്പിൽ വെല്ലുവിളികളും കുറവല്ല.

പേര് ഒ ആർ കേളു കേളുവെന്നാണെങ്കിലും അങ്ങ് തീർത്ത് വിളിക്കാറില്ല വയനാട്. പൊതുപരിപാടികളാവടെ, പാർട്ടിയിലെ സദസ്സുകളാവട്ടെ എല്ലാവർക്കും കേളുവേട്ടനാണ് മാനന്തവാടി എംഎൽഎ. ജീവിതത്തിൽ പരാജയമറിയാത്ത ജനപ്രതിനിധിയെന്നതാണ് മേൽവിലാസം. 2016ൽ മാന്തവാടി ബ്ലോക് പഞ്ചായത്ത് അംഗമായിരിക്കെ നിയമസഭയിലേക്ക് അങ്കം കുറിച്ചു. അന്ന് തോൽപ്പിച്ചത് മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെയാണ്. തുടർച്ചയായി പത്തുവർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻ്റായിപുന്നു. അതിനും 5 വർഷം മുമ്പ് വാര്‍ഡ് മെമ്പർ. ജനവിധി തേടിയപ്പോവെല്ലാം ഒ ആർ കേളു ചുവന്നു തുടുത്തു.

മനസ്സുണ്ടെങ്കിൽ മാനന്തവാടിക്ക് മന്ത്രിക്ക് വേണ്ടെന്ന് തെളിയിച്ച കാലം. അടിസ്ഥാന സൗകര്യ വികസനത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി. ഏറ്റവും മോശം റോഡുകൾ ഉണ്ടായിരുന്ന മാനന്തവാടി മണ്ഡലത്തിൽ റോഡുകളിപ്പോൾ ഏറ്റവും മികച്ച റോഡുകളാണ് ഉള്ളത്. മനംനിറഞ്ഞ് മാനന്തവാടിയെന്ന പ്രചാരണത്തോടെ നിയമസഭയിലേക്കുള്ള ഒടുവിലെ അങ്കവും കടന്നു. മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. ഒടുവിൽ ഇടത് മന്ത്രിസഭയ്ക്ക് വയനാടിനോടുള്ള അയിത്തം മാറി. പിണറായി സർക്കാരുകളിൽ വയനാടിന് ആദ്യമന്ത്രി. ജില്ലയിലെ ആദ്യ സിപിഎം മന്ത്രിയാവുകയാണ് ഒ ആർ കേളു.

Also Read: കെ രാധാകൃഷ്ണന് പകരം ഒ ആർ കേളു മന്ത്രിയാകും; മറ്റ് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം

മനുഷ്യമൃഗ സംഘർഷങ്ങളിൽ നാട് കലുഷിതമാകുമ്പോൾ മണ്ണറിയുന്നൊരു മന്ത്രിയുണ്ടെന്ന് സർക്കാരിന് ആശ്വസിക്കാം. ഇടതിന് ഒപ്പമുണ്ടായിരുന്ന കുറിച്യ വോട്ടുകൾ ഇത്തവണ കുറച്ചെങ്കിലും ബിജെപിക്ക് പോയിട്ടുണ്ട്. കേളുവിനെ മന്ത്രിയാക്കുന്നതിലൂടെ അവരെ ഒപ്പം നിർത്താനും സിപിഎമ്മിനാകും. കേളുവിനാകാട്ടെ മന്ത്രിയെന്ന നിലയിൽ വെല്ലുവിളികൾ പലതാണ്. സ്വന്തം മണ്ഡലമായ മക്കിയാട്ടെ ഭൂമി പ്രശ്നത്തിൽ സ്ഥിരം പരിഹാരം ഉറപ്പാക്കേണ്ടിവരും. മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾക്ക് ഉത്തരവാദിയാകും. യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം ചൊല്ലേണ്ടിവരും. മനുഷ്യ മൃഗ സംഘർഷങ്ങളുള്ളിടത്ത് ജനരോഷം തളുപ്പിക്കാനും സർക്കാർ നയം സംരക്ഷിക്കാനും ഒരുപോലെ ശ്രമിക്കേണ്ടിയും വരും.