മംഗളുരു/ കാസർകോട്: മംഗലുരുവിൽ ബോട്ടപകടത്തിൽ കാണാതായ 9 പേർക്കായി നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്‍റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരും തെരച്ചിൽ സംഘത്തിലുണ്ട്. ഇന്നലെ രാത്രിയോടെ പൂർണമായും കടലിൽ ആണ്ടു പോയ ബോട്ടിന്‍റെ  താഴ്ഭാഗത്തെ കാബിനിൽ തൊഴിലാളികൾ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട ബോട്ട് കപ്പൽചാലിലേക്ക് കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

ബേപ്പൂരിൽ നിന്നു പോയ മീൻപിടുത്ത ബോട്ട് ഇന്നലെ പുലർച്ചെയാണ് മംഗളൂരു തീരത്ത് നിന്നും 43 നോട്ടിക്കൽ മൈൽ അകലെ വിദേശ ചരക്കുകപ്പലിൽ ഇടിച്ചത്. ബോട്ടിലെ സ്രാങ്കായ തമിഴ്നാട് സ്വദേശി അലക്സാണ്ടർ ഉൾപ്പെടെ, മരിച്ച മൂന്ന് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. രണ്ട് പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാണാതായ 9 പേർക്കായി രാവിലെ 6 മുതൽ കോസ്റ്റ്ഗാർഡ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.  രാജ്‍ദൂത്, അമർത്യ, സി 448 എന്നീ കപ്പലുകളും, ഒരു ഡോണിയർ വിമാനവുമാണ് തെരച്ചിൽ നടത്തുന്നത്. ഇതോടൊപ്പമാണ് നാവികസേനയുടെ പ്രത്യേക ദൗത്യ സംഘം തെരച്ചിൽ തുടങ്ങിയത്. മുങ്ങൽ വിദഗ്ധർ അടക്കമുള്ളവർ ചേർന്നാണ് മുങ്ങിയ ബോട്ടിലുള്ളവരെ കണ്ടെത്താൻ ശ്രമം നടത്തുന്നത്. കാർവാറിൽ നിന്ന് ഐഎൻഎസ് സുഭദ്ര എന്ന കപ്പലിലാണ് പ്രത്യേകദൗത്യസംഘം എത്തിയത്. 

കാണാതായവർക്ക് വേണ്ടി ഇന്നലെ രാത്രി വൈകുവോളം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തമിഴ്നാട്,ബംഗാൾ സ്വദേശികളാണ് കാണാതായ 9 പേരും. ബോട്ട് നിയന്ത്രണം വിട്ട് കപ്പൽ ചാലിലേക്ക് കയറിയതാണ് അപകടകാരണമെന്നാണ് രക്ഷപ്പെട്ട രണ്ട് പേരോടും ചോദിച്ചറിഞ്ഞതിൽ നിന്ന് വ്യക്തമായതെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. സ്രാങ്ക് അബദ്ധത്തിൽ  ഉറങ്ങിപ്പോയതാണ് ബോട്ടിന്‍റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് സംശയം. ചരക്കുകപ്പലിന്‍റെ പുറകുവശത്താണ് ബോട്ട് പോയി ഇടിച്ച് തലകീഴായി മറിഞ്ഞത്. ചരക്കുകപ്പലിലുള്ളവർ തന്നെയാണ് അപകടവിവരം കോസ്റ്റ്ഗാ‍ർഡിനെ അറിയിച്ചത്. സിംഗപ്പൂർ രജിസ്ട്രേഷനിലുള്ള ചരക്ക് കപ്പലിന്‍റെ കപ്പിത്താനോട് മംഗളൂരു തീരത്തേക്ക് കപ്പൽ അടുപ്പിക്കാൻ കോസ്റ്റ്ഗാ‍ർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.