കോട്ടയം: വോട്ടെണ്ണല്‍ അഞ്ചാം റൗണ്ടിലേക്ക് കടന്നിട്ടും മാണി സി കാപ്പന്‍ ലീഡ് നിലനിര്‍ത്തിയതോടെ വോട്ടെണ്ണല്‍ കേന്ദ്രമായ പാലാ കാര്‍മല്‍ സ്കൂളിന് മുന്നില്‍ നിന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ മടങ്ങിത്തുടങ്ങി. നിയുക്ത എംഎല്‍എയായി ജോസ് ടോമിനെ പ്രഖ്യാപിച്ച് സ്വീകരണചടങ്ങ് വരെ തീരുമാനിച്ച യുഡിഎഫിന് കനത്ത ആഘാതം നല്‍കിയാണ് പാലായില്‍ മാണി സി കാപ്പാന്‍ മുന്നേറുന്നത്. 

വോട്ടെണ്ണലിന്‍റെ ആദ്യറൗണ്ടില്‍ യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിച്ചു കൊണ്ട് മുന്നേറ്റം ആരംഭിച്ച മാണി സി കാപ്പന്‍ വ്യക്തമായ ലീഡ് മറ്റു പഞ്ചായത്തുകളിലും നിലനിര്‍ത്തി. യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിക്കുമെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ മാണി സി കാപ്പന്‍ അതു ശരിവയ്ക്കും വിധം 565 വോട്ടുകളുടെ ലീഡാണ് രാമപുരം പഞ്ചായത്തില്‍ നേടിയത്. 

രണ്ടാം റൗണ്ടിൽ രാമപുരത്തെ ആറ് ബൂത്തുകളിലും കടനാട് പഞ്ചായത്തിലെ ഭൂരിഭാഗം ബൂത്തുകളും എണ്ണി. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോൾ 751 വോട്ടുകളുടെ ലീഡ്. മൂന്നാം റൗണ്ടിൽ കടനാട്ടിലെ 9 ബൂത്തുകളും മേലുകാവിലെ 5 ബൂത്തുകളുമാണ് എണ്ണിയത്. മൂന്നാം റൗണ്ടിൽ കടനാട് എണ്ണി ക്കഴിഞ്ഞപ്പോൾ 1570 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു മാണി സി കാപ്പന്.

 മേലുകാവിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ കാപ്പന് 2181 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. ആകെ മൊത്തം മൂന്നാം റൗണ്ട് അവസാനിച്ചപ്പോൾ അന്തിമ കണക്ക് പുറത്തു വന്നു. 2231 വോട്ടുകളുടെ ഭൂരിപക്ഷം കാപ്പന്. 

നാലാം റൗണ്ടിൽ മേലുകാവിലെ 3 ബൂത്തുകളും മൂന്നിലവിലെ 9 ബൂത്തുകളും തലനാടിലെ 2 ബൂത്തുകളുമാണ് എണ്ണിയത് 2445, 2705, 2766 എന്നിങ്ങനെ കാപ്പൻ ലീഡുയർത്തി. മേലുകാവ് മുഴുവനായി എണ്ണിക്കഴിഞ്ഞപ്പോൾ മാണി സി കാപ്പന്‍റെ ഭൂരിപക്ഷം 3000 കടന്നു. 3006 വോട്ടുകളായി കാപ്പന്‍റെ ലീഡ്

മാണി സി കാപ്പന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്

മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ മാത്രമേ ഞങ്ങള്‍ക്ക് സംശയമുള്ളൂ. ബാക്കി എല്ലാ പഞ്ചായത്തുകളിലും ഞങ്ങള്‍ ലീഡ് ചെയ്യും. പാലാ മുന്‍സിപ്പാലിറ്റിയില്‍ ഞങ്ങള്‍ നന്നായി ലീഡ‍് ചെയ്യും. 58,000 വോട്ട് കഴിഞ്ഞ തവണ എനിക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ 3000 വോട്ട് പോയാലും അതിലേറെ വോട്ടുകള്‍ വരാനുണ്ട്. 

വ്യക്തിബന്ധങ്ങളിലൂടെ കിട്ടുന്ന വോട്ടുകള്‍ കൂടാതെ ബിഡിജെഎസ് വോട്ടും ഞങ്ങള്‍ക്ക് ലഭിക്കും. പിജെ ജോസഫ് വിഭാഗത്തിന്‍റെ വോട്ടും പ്രതീക്ഷിക്കുന്നു.  ഞങ്ങള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ മാറിപ്പോവാന്‍ ഒരു സാധ്യതയുമില്ല. മാണി സാറിനോട് മൂന്ന് വട്ടം യുദ്ധം ചെയ്തയാളാണ് ഞാന്‍. മാണി സാറിനോളം ശക്തനല്ല ഇപ്പോഴത്തെ സ്ഥാനാര്‍ഥി. ഇക്കാര്യം മണ്ഡലത്തിലെ യുവാക്കളെ സ്വാധീനിക്കുമെന്ന് ഞാന്‍ കരുതുന്നു.