വിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ കേരളീയം സെമിനാറിൽ; 'നടപടിയുണ്ടാകില്ലെന്ന് പ്രതീക്ഷ'
മുൻ കേന്ദ്രമന്ത്രിയായ അദ്ദേഹം കേന്ദ്ര പഞ്ചായത്തീ രാജ് മന്ത്രാലയം കൈകാര്യം ചെയ്തിരുന്നു

തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ കേരളീയത്തിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുത്തു. രാഷ്ട്രീയം പറയാനല്ല വേദിയിലെത്തിയതെന്നും അതിനാൽ നടപടിയുണ്ടാകില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ തദ്ദേശ വകുപ്പ് സംഘടിപ്പിച്ച കേരളത്തിലെ പ്രാദേശിക സർക്കാരുകൾ വിഷയത്തിലെ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയത്തിൽ പങ്കെടുക്കരുതെന്ന് പാർട്ടി പറഞ്ഞിരുന്നെന്ന് മണിശങ്കർ അയ്യർ പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ താൻ കേരളീയം വേദിയിലെത്തിയത് രാഷ്ട്രീയം പറയാനല്ല. രാജ്യത്ത് പഞ്ചായത്തീരാജ് എന്നത് രാജീവ് ഗാന്ധി മുന്നോട്ട് വച്ച ആശയമാണ്. അതിദാരിദ്ര്യം തുടച്ച് നീക്കലാണ് പഞ്ചായത്തീരാജിന്റെ അടിസ്ഥാന ആശയം. പഞ്ചായത്തീരാജിന്റെ വിജയം കേരളത്തിന്റെ ജനങ്ങളുടേതാണ്. ഈ വിജയം കേരളത്തിലെ യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ അവകാശപ്പെട്ടതാണ്. അത് കോൺഗ്രസ് മനസിലാക്കുമെന്നും സെമിനാറിൽ പങ്കെടുത്തതിന് എതിരെ നടപടി ഉണ്ടാകില്ലെന്നും കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.