മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഭാര്യയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത് അവിടെ അഡ്മിറ്റ് ചെയ്യില്ലെന്ന് പറഞ്ഞപ്പോഴാണെന്ന് മരിച്ച ഗർഭസ്ഥ ശിശുക്കളുടെ പിതാവ്. കൊവിഡ് ആശുപത്രിയായതിനാൽ അഡ്മിറ്റ് ചെയ്യില്ലെന്ന് പറഞ്ഞ്, വീട്ടിലേക്ക് മടക്കിയപ്പോഴാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റം ചോദിച്ചതെന്ന് ഷെരീഫ് പറഞ്ഞു. പ്രസവത്തിനുള്ള ഒരുക്കങ്ങളോടെയാണ് ഭാര്യ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയത്. നടപടിയിൽ നിന്ന് രക്ഷപെടാനാണ് തെറ്റായ വിവരം ആശുപത്രി അധികൃതർ മന്ത്രിക്ക് നൽകിയതെന്നും ഷെരീഫ് പറഞ്ഞു.

പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഗർഭിണി ആവശ്യപ്പെട്ടത് കൊണ്ടാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഇവരെ വിട്ടയച്ചതെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇങ്ങിനെയാണ് വിവരം ലഭിച്ചതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് വീഡിയോയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

"യുവതി 5-09-2020 ന് പോസിറ്റീവായി മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. 15 ന് ഡിസ്ചാർജായി. 26 ന് പുലർച്ചെ അഞ്ച് മണിക്ക് ഗൈനക്കോളജി വിഭാഗത്തിൽ ഹാജരായി. പ്രസവം തുടങ്ങാനുള്ള ലക്ഷണം ഒന്നും കണ്ടില്ലെന്ന് പരിചരിച്ച ഡോക്ടർ പറയുന്നു. ഈ സഹോദരി നേരത്തെയും നടുവേദനയായി മഞ്ചേരിയിൽ വന്നിരുന്നു. വേദന ഭേദമായപ്പോൾ 19 ന് തിരികെ വീട്ടിലേക്ക് പോയെന്നാണ് പറഞ്ഞത്. ഇത്തവണ ഡ്യൂട്ടി ഡോക്ടർ നോക്കി, ഗൈനക് എച്ച്ഒഡിയെ വിളിച്ചു. അഡ്മിറ്റ് ചെയ്യണം എന്നാണ് നിർദ്ദേശിച്ചതെന്ന് ഡോക്ടർ ജേക്കബ് പറയുന്നു. അഡ്മിറ്റ് ചെയ്ത ശേഷം പെൺകുട്ടി അവരുടെ പരിചയത്തിലുള്ള മെഡിക്കൽ കോളേജിലെ ഡോക്ടറെ വിളിച്ച് അവിടെ നിന്ന് കോട്ടപ്പറമ്പിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയായതിനാൽ കോട്ടപ്പറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റണം എന്നായിരുന്നു ആവശ്യം. അതനുസരിച്ച് കോട്ടപ്പറമ്പിലേക്ക് റഫർ ചെയ്തുവെന്ന് പറയുന്നു. ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് റിക്വസ്റ്റ് എന്നെഴുതരുതെന്ന് പറഞ്ഞതിനാൽ എഴുതിയില്ല എന്ന് പറയുന്നു.വിശദാംശങ്ങൾ അന്വേഷിക്കും."

"കോട്ടപ്പറമ്പിൽ പോയപ്പോൾ ട്വിൻസായതിനാൽ അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദ്ദേശിച്ചുവെന്ന് പറഞ്ഞതായാണ് കിട്ടിയ വിവരം. ഒപി ഡിസ്ചാർജ് ഷീറ്റും അവിടെയുണ്ട്. നിർഭാഗ്യവശാൽ അവർ ഓമശേരി പോയി, കോഴിക്കോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പോയി. രണ്ടിടത്തും ആന്റിജൻ ടെസ്റ്റ് പോര, ആർടി പിസിആർ ടെസ്റ്റ് വേണം എന്ന് പറഞ്ഞുവെന്ന് പറയുന്നു. റിസൾട്ട് വൈകുമെന്ന് പറഞ്ഞപ്പോ ഉടനെ തന്നെ ആ യുവാവ് ഡിഎംഒയെ വിളിച്ചു. അപ്പോഴാണ് സക്കീന എന്നെ വിളിച്ചത്. ഉടനെ തന്നെ ഞാനും അദ്ദേഹത്തെ വിളിച്ചു."

"നടുവേദനയുള്ള കുട്ടി അത്രയും യാത്ര ചെയ്ത സമയത്ത് നല്ല ക്ഷീണിതയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ ചെയ്തു. കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണമാണ് നടത്തിയത്. വിശദമായ അന്വേഷണം നടത്തും. ഇവരെ കോഴിക്കോട് നിന്ന് മാറ്റാൻ ആരെങ്കിലും ശ്രമിച്ചിരുന്നുവെങ്കിൽ നടപടിയെടുക്കും. ദൗർഭാഗ്യകരമായ സംഭവമാണ്. ആവർത്തിക്കരുതെന്ന് എല്ലാ ആശുപത്രികളോടും അഭ്യർത്ഥിക്കുന്നു. ഇങ്ങിനെയൊരു സംഭവവും പ്രതിഷേധവും വിമർശനങ്ങളും ഉണ്ടായപ്പോൾ എട്ട് മാസക്കാലമായി അക്ഷീണം പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്ക് വലിയ മനപ്രയാസം ഉണ്ടായിട്ടുണ്ട്. എന്തായാലും അവരോട് നല്ലോണം ശ്രദ്ധിക്കാൻ പറഞ്ഞിട്ടുണ്ട്."- മന്ത്രി പറഞ്ഞു.