മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം
ജാമ്യ അപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ പ്രൊസിക്യൂഷന്‍ എതിര്‍ത്തില്ല. തുടര്‍ന്ന് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ള ആറ് പ്രതികൾക്കും കാസർകോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിൽ പ്രതികൾ നൽകിയ വിടുതൽ ഹർജി അടുത്ത മാസം 15 ന് പരിഗണിക്കും. ഇത് ആദ്യമായാണ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള ആറ് പ്രതികളും മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കോടതിയിൽ ഹാജരാക്കുന്നത്. വിടുതൽ ഹർജി പരിഗണിക്കാൻ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കാസർകോട് ജില്ലാ സെഷൻസ് കോടതി നിർദേശം നൽകിയിരുന്നു. മുഴുവൻ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തില്ല. സമൺസ് നൽകി ഹാജരായതിനാൽ എതിർക്കേണ്ടതില്ലെന്ന് നിലപാട്. വിടുതൽ ഹർജിയിൽ പ്രോസിക്യൂഷൻ മറുപടി ഈ മാസം പത്തിനകം സമർപ്പിക്കും. ഇര കെ. സുന്ദരയുടെ നിലപാടും കോടതി കേൾക്കും. ഇതിന് ശേഷമായിരിക്കും ഹർജിയിൽ കോടതി വിശദമായ വാദം കേൾക്കുക.2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ല അധ്യക്ഷൻ കെ.കെ. ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്‌ഠ റൈ, ലോകേഷ് നോണ്ട എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.