വടക്കഞ്ചേരി: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ഉറപ്പും പാഴായി. മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെയുളള ദേശീയപാതയുടെ നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളിൽ പൂര്‍ത്തിയാക്കുമെന്നും അറ്റകുറ്റപണി ഉടൻ നടത്തുമെന്നുമായിരുന്നു കഴിഞ്ഞ മാസം കുതിരാനിലെത്തിയ വി മുരളീധരന്റെ ഉറപ്പ്.

എന്നാല്‍, ഉറപ്പിനപ്പുറം ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. റോഡിന്റെ പല ഭാഗത്തും വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇവിടെ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. സമയബന്ധിതമായി റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നും കുതിരാൻ സന്ദർശിച്ചതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

റോഡിന്റെ പലയിടത്തും പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. മഴ വെള്ളം കെട്ടികിടക്കുന്ന കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവായിരിക്കുകയാണ്. മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത വഴി പോകുക എന്നത് വളരെ ദുഷ്കരമാണെന്നും യാത്രക്കാർ പറയുന്നു.  കുഴികളിൽ വീണ് വാഹനങ്ങൾക്ക് തകരാറുകൾ സംഭവിക്കുകയാണ്. രാത്രിയിൽ ഈ വഴി പോകാൻ കഴിയില്ല. റോഡിൽ എവിടെയാണ് കുഴികളുള്ളതെന്ന് അറിയാനും കഴിയില്ല. ഈ വഴിയുള്ള യാത്ര വളരെ അപകടം നിറഞ്ഞതാണെന്നും യാത്രക്കാർ പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 55 പേരാണ് ഇവിടെ മരിച്ചത്. മൂന്നുറിലധികം അപകടങ്ങളും ഉണ്ടായിയിട്ടുണ്ട്. മഴയില്ലാത്തപ്പോൾ രൂക്ഷമായ പൊടിശല്യമാണ് അനുഭവപ്പെടുന്നത്. മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെയുളള ദേശീയപാതയിൽ പലപ്പോഴും മണിക്കൂറുകളോളമാണ് ഗതാഗതകുരുക്ക് ഉണ്ടാകാറുള്ളത്.

അതേസമയം, മഴ കാരണമാണ് അറ്റകുറ്റപണി വൈകുന്നതെന്നാണ് മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎംസിയുടെ വിശദീകരണം. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തികൾ നീളുന്നതിനെതിരെ കെഎംസിയ്ക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. 2009 ഓഗസ്റ്റ് 24-ന് ആയിരുന്നു ദേശീയപാത അതോറിറ്റിയും കമ്പനിയും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. 30 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍, പത്ത് വര്‍ഷമായിട്ടും വെറും 29 കിലോമീറ്റർ ദൂരം പൂർത്തിയാക്കാൻ കരാർ കമ്പനിയായ കെഎംസിയ്ക്ക് കഴിഞ്ഞിട്ടില്ല.