Asianet News MalayalamAsianet News Malayalam

രാജമലയിലേത് വൻദുരന്തമെന്ന് പ്രദേശവാസികൾ, രക്ഷാപ്രവർത്തനം ദുഷ്കരം, മരണം സ്ഥിരീകരിച്ചിട്ടില്ല

കനത്ത മഴയിൽ ഉരുൾപൊട്ടലുണ്ടായി തേയിലത്തോട്ടം അടക്കം ഒരു പ്രദേശത്തെ മണ്ണാകെ ലയങ്ങൾക്ക് മുകളിലേക്ക് ഒഴുകിയെത്തിയെന്നാണ് അറിയാൻ കഴിയുന്നത്...

Many people trapped in inside soil in munnar
Author
Munnar, First Published Aug 7, 2020, 11:05 AM IST

മൂന്നാര്‍: ഇടുക്കി രാജമലയിൽ വൻമണ്ണിടിച്ചിലുണ്ടായ കണ്ണൻ ദേവൻ പ്ലാന്‍റേഷന്‍സിന്‍റെ ലയത്തിലുണ്ടായത് വൻ അപകടമെന്ന് പ്രദേശവാസികൾ. നാല് ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്ന് മണ്ണിനടിയിലായി എന്നാണ് പ്രാഥമികമായ വിവരം. 83 പേരാണ് ലയങ്ങളില്‍ താമസിച്ചിരുന്നത്. നിരവധിപേര്‍ സ്ഥലത്ത് കുടുങ്ങിയതായി സംശയമുണ്ട്. പരിക്കേറ്റ പത്തുപേരെ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ദീപൻ (25), സരസ്വതി (52), സീതാലക്ഷ്മി (33). പളനിയമ്മ (50) എന്നിവർ ആശുപത്രിയിലുണ്ട് എന്ന് പ്രാഥമികമായ വിവരങ്ങൾ ലഭിക്കുന്നു.

കനത്ത മഴയിൽ ഉരുൾപ്പൊട്ടലുണ്ടായി തേയിലത്തോട്ടം അടക്കം ഒരു പ്രദേശത്തെ മണ്ണാകെ ലയങ്ങൾക്ക് മുകളിലേക്ക് ഒഴുകിയെത്തിയെന്നാണ് അറിയാൻ കഴിയുന്നത്. പുലര്‍ച്ചെയായിരുന്നതിനാൽ ലയങ്ങൾക്കകത്തെല്ലാം താമസക്കാരുണ്ടായിരുന്നു. മൂന്നാര്‍ ടൗണിൽ നിന്ന് പെരിയവര പാലം കടന്ന് ഇരവികുളം നാഷണൽ പാര്‍ക്കിന് അകത്ത് കൂടിയാണ് സംഭവസ്ഥലത്ത് എത്തേണ്ടത്. എന്നാൽ പെരിയവര പാലം ഒലിച്ച് പോയതിനാൽ മൂന്നാറിൽ നിന്ന് കാട്ടുവഴികളെ വരെ ആശ്രയിച്ച് വേണം രക്ഷാ പ്രവർത്തകര്‍ക്ക് എത്തിപ്പെടാന്‍. വനംവകുപ്പിന്‍റെ സംഘമാണ് ആദ്യം പ്രദേശത്ത് എത്തിയത്. 

മൂന്ന് ദിവസമായി കനത്ത മഴ പ്രദേശത്ത് തുടരുകയാണ്. മണ്ണിടിച്ചിൽ സ്ഥിരമായുണ്ടാകുന്ന പ്രദേശമല്ല ഇവിടമെങ്കിലും പ്രദേശ വാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇരവികുളം നാഷണൽ പാര്‍ക്കിന്‍റെ അവസാന ഭാഗവും ഇടമലക്കുടി മേഖല തുടങ്ങുന്ന ഇടവുമാണ് പെട്ടിമുടി പ്രദേശം. പുറം ലോകത്ത് നിന്ന് ഏറെ അകന്ന് നിൽക്കുന്ന സ്ഥലമായതിനാൽ ഈ മേഖലയിലേക്ക് എത്തിപ്പെടാനും പ്രയാസമാണ്.  ദേശീയ ദുരന്ത പ്രതിരോധസേനയും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios