രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘം കോളനിയിലെ രണ്ട് വീടുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. 

കല്‍പ്പറ്റ: വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമലയില്‍ ആയുധധാരികളായ മാവോവാദികളെത്തി ലഘുലേഖകള്‍ വിതരണം ചെയ്തസംഭവത്തില്‍ തൊണ്ടര്‍നാട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ പെരിഞ്ചേരിമല ആദിവാസി കോളനിയില്‍ നാലംഗ സായുധ സംഘം എത്തിയെന്നാണ് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്.

രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘം കോളനിയിലെ രണ്ട് വീടുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. പരിസരത്തെ ഇലക്ട്രിക് പോസ്റ്റുകളില്‍ പോസ്റ്ററുകള്‍ പതിച്ചതിന് ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷമായ പ്രതികരണമാണ് പോസ്റ്ററുകളില്‍ ഉള്ളത്. കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം മരണത്തിന്റെ വ്യാപാരിയാണെന്നും നോട്ടീസില്‍ പറയുന്നു. സി.പി.ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലുള്ളതാണ് പോസ്റ്ററുകള്‍.

 വയനാട്ടിലാദ്യമായാണ് ബാണാസുര ഏരിയാകമ്മറ്റിയുടെ പേരിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്. അതേ സമയം മാവോയിസ്റ്റുകളായ ചന്ദ്രു, ജയണ്ണ, സുന്ദരി, ലതി എന്നിവരാണ് കോളനിയിലെത്തിയതെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ പൊലീസ്, തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ ആളുകളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷമാണ് കേസെടുത്ത് തിരച്ചില്‍ ആരംഭിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona