ദില്ലി: മരട് കേസിൽ കേരളത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകില്ല. കോടതി വിധി നടപ്പാക്കാനുള്ള നിര്‍ദ്ദേശത്തിനെതിരെ ഹാജരാകാനാകില്ലെന്ന് തുഷാര്‍ മേത്ത സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനെ അറിയിച്ചു. 23 ന് മരട് കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോൾ തുഷാര്‍ മേത്തയെ ഹാജരാക്കാനുള്ള സംസ്ഥാന സര്‍ക്കാര‍് നീക്കം ഇതോടെ പൊളിഞ്ഞു. തുഷാര്‍ മേത്തയുടെ ഉപദേശപ്രകാരമാണ് മരടിലെ ഫ്ലാറ്റുകളിൽ നോട്ടീസ് പതിച്ചത്. 

ഇതിനിടെ, 30 കോടി രൂപ ചെലവിൽ രണ്ടുമാസം കൊണ്ട് ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ തയ്യാറാണെന്ന് അറിയിച്ചാണ് ബംഗ്ലൂര്‍ ആസ്ഥാനമായ അക്വറേറ്റ് ഡിമോളിഷൻ കമ്പനി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പാരിസ്ഥിക പ്രശ്നങ്ങൾ ഇല്ലാതെ ഫ്ലാറ്റുകൾ പൊളിക്കാനാകും. ഫ്ളാറ്റുകൾ പൊളിക്കാൻ ടെണ്ടര്‍ നൽകാനുള്ള സമയപരിധി കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും കമ്പനിയുടെ ഹര്‍ജിയിൽ ആരോപിക്കുന്നു. മരടിലെ ഫ്ളാറ്റുകൾ ഈമാസം 20നകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നൽകാനാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം.