കൊച്ചി: മരടിൽ അനധികൃതമായി ഫ്ലാറ്റ് നിർമ്മിച്ച കമ്പനികൾക്കെതിരെയെടുത്ത കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മന്ത്രിസഭ തീരുമാന പ്രകാരമാണ് ഫ്ലാറ്റ് നിർമ്മാണ കമ്പനിക്കെതിരെ ഇന്നലെ ക്രിമിനൽ കേസെടുത്തത്. ഈ കേസ് പ്രത്യേക സംഘം അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവിട്ടു. 

വഞ്ചനക്കും നിയമലംഘനം മറച്ചുവച്ച് വിൽപ്പന നടത്തിയതിനുമാണ് മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ആൽഫാ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ നിർമ്മാണക്കമ്പനികളുടെ ഉടമകളാണ് കേസിലെ പ്രതികൾ. കമ്പനി ഉടമകളെ കൂടാതെ അനധികൃത നിർമ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍ എന്നിവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് തീരുമാനം. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം കൈമാറാനാണ് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്.

അതേസമയം, തീരദേശസംരക്ഷണനിയമം ലംഘിച്ചു കൊണ്ട് നിര്‍മ്മിച്ച മരടിലെ നാല് ഫ്ലാറ്റുകളും പൊളിച്ചു കളയാനുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കി. മരട് ഫ്ലാറ്റുകളിലെ കുടിയൊഴിപ്പിക്കൽ ഞായറാഴ്ച തുടങ്ങും. ഇതിന് മുന്നോടിയായി ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതിബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചു. ഫ്ലാറ്റുടമകളുടേയും താമസക്കാരുടേയും ശക്തമായ എതിർപ്പിനെയും അവഗണിച്ചാണ് ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത്. ജലവിതരണവും തടസ്സപ്പെടുത്തിയിട്ടുണ്ട്. 

പുലർച്ചെ നാല് മണിയോടെ അതീവ രഹസ്യമായാണ് കെഎസ്ഇബി മരട് ഫ്ലാറ്റുകളിലെ വൈദുതി ബന്ധം വിച്ഛേദിക്കാനുള്ള ഓപ്പറേഷൻ നടത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന താമസക്കാർ, വൈദ്യുതി നിലച്ചപ്പോൾ മാത്രമാണ് വിവരം അറിഞ്ഞത്.

കെഎസ്ഇബി സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘം തയ്യാറാക്കിയ റിപ്പോർട്ട് കാണാം:

സര്‍ക്കാര്‍ തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് ഈ മാസം 29 മുതല്‍ ഫ്ലാറ്റിലുള്ളവരെ കുടിയൊഴിപ്പിച്ചു തുടങ്ങും. നാല് ദിവസത്തിനകം നാല് ഫ്ലാറ്റുകളിലേയും മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കും. ഒക്ടോബര്‍ 11 മുതല്‍ ഫ്ളാറ്റുകള്‍ പൊളിച്ചു തുടങ്ങും. തൊണ്ണൂറ് ദിവസം കൊണ്ട് പരിസ്ഥിതിക്ക് പരമാവധി കോട്ടം തട്ടാത്ത രീതിയില്‍ മുഴുവന്‍ ഫ്ളാറ്റുകളും പൊളിച്ചു കളയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2020 ഫെബ്രുവരി ഒമ്പതോടെ മുഴുവന്‍ കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യുമെന്നും ആക്ഷന്‍ പ്ലാനില്‍ പറയുന്നു.