Asianet News MalayalamAsianet News Malayalam

മരടിലെ ഫ്ലാറ്റുകള്‍ സെപ്റ്റംബർ 20നകം പൊളിച്ചുമാറ്റണമെന്ന് സുപ്രീംകോടതി

സെപ്റ്റംബർ 20നകം ഫ്ലാറ്റുകൾ പൊളിക്കണമെന്നും 23ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

maradu flat case supreme court says destroy all flat
Author
Kochi, First Published Sep 6, 2019, 11:47 AM IST

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റണമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. സെപ്റ്റംബർ 20നകം ഫ്ലാറ്റുകൾ പൊളിക്കണമെന്നും 23ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. 

സംസ്ഥാന സര്‍ക്കാരിന് ഇനിയൊരു അവസരമില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് മരട് കേസിൽ ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയുടെ അന്ത്യശാസനം. 14 ദിവസത്തിനകം ഫ്ലാറ്റുകൾ പൊളിക്കുക തന്നെ വേണമെന്നും അതിന് ഇത്രയും ദിവസം ധാരളം മതിയെന്നും കോടതി പറഞ്ഞു. സെപ്റ്റംബര്‍ 20നകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും എന്ന മുന്നറിയിപ്പ് കൂടി സുപ്രീംകോടതി നൽകുന്നു. 

കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് ജയിലിൽ പോകേണ്ടിവരുമെന്ന് ഈ കേസിൽ നേരത്തെ കോടതിയുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. പരിസ്ഥിതി നിയമം ലംഘിച്ച് എറണാകുളം ജില്ലയിലെ മരടിൽ നിര്‍മ്മിച്ച അഞ്ച് പാര്‍പ്പിട സമുച്ചയങ്ങൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞ മെയ് 8നായിരുന്നു സുപ്രീംകോടതി വധിച്ചത്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെല്ലാം ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ കോടതി തള്ളി.

അതിന് ശേഷം ഹര്‍ജികൾ എത്തിയതോടെ  വിധി നടപ്പാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. എന്നിട്ടും ഫ്ലാറ്റ് പൊളിക്കാൻ നടപടി ഉണ്ടായില്ല. ഇതോടെ സ്വമേദയാ കേസെടുത്താണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. 14 ദിവസത്തിനകം ഫ്ലാറ്റുകൾ പൊളിക്കുക മാത്രമാണ് ഇനി സംസ്ഥാന സര്‍ക്കാരിന് മുന്നിലെ ഏക വഴി. ഫ്ലാറ്റുകൾ പൊളിക്കുന്നതിന്  ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞപ്പോൾ അത്തരം മുടന്തൻ ന്യായങ്ങളൊന്നും പറയേണ്ടെന്നായിരുന്നു ജസ്റ്റിസ് മിശ്രയുടെ മറുപടി.

Follow Us:
Download App:
  • android
  • ios