കൊച്ചി: മരടിൽ ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്നതിന് മുന്നോടിയായി പരിസരവാസികളുടെ ആശങ്കകൾ ദൂരീകരിക്കാൻ വിശദീകരണ യോഗങ്ങൾ നടത്തും. ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം ഫ്ലാറ്റുകളുടെ സമീപവാസികളുടെ യോഗമാണ് സബ് കളക്ടർ വിളിച്ചു ചേർത്തത്.

ഫ്ലാറ്റുകൾ പൊളിപ്പിക്കൽ നടപടികൾക്ക് നഗരസഭ അംഗീകാരം നൽകാത്തതിനാൽ ഫ്ലാറ്റുകൾ ഇന്ന് കമ്പനികൾക്ക് കൈമാറാൻ ആകില്ല. ഹോളി ഫെയ്ത് ഫ്ലാറ്റിന് സമീപം താമസിക്കുന്നവർക്കായി വൈകിട്ട് മൂന്ന് മണിക്ക് കുണ്ടന്നൂർ പെട്രോ ഹൗസിന് സമീപവും ഗോൾഡൻ കായലോരം പാർപ്പിട സമുച്ഛയത്തിന് സമീപം താമസിക്കുന്നവർക്ക് ഫ്ലാറ്റ് പരിസരത്ത് വൈകിട്ട് അഞ്ച് മണിക്കുമാണ് യോഗം നടത്തുക. 

ഫ്ലാറ്റ് പൊളിക്കുമ്പോൾ എത്ര ദൂരത്തിൽ പ്രത്യാഘാതം ഉണ്ടാകും, കുടുംബങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കും തുടങ്ങിയ കാര്യങ്ങളിലെല്ലാമാണ് വിശദീകരണം നൽകുന്നത്. പൊളിപ്പിക്കൽ ചുമലയുള്ള സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗാണ് വിശദീകരണം നൽകുന്നത്. പാർപ്പിട സമുച്ഛയത്തിന് നൂറ് മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 

ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ രണ്ട് കമ്പനികളെ തെരഞ്ഞെടുത്തെങ്കിലും നഗരസഭ കൗൺസിൽ, ഈ തീരുമാനം അംഗീകരിച്ചിട്ടില്ല. പൊളിപ്പിക്കലുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളൊന്നും കൗൺസിലുമായി ആലോചിക്കാതെ നടത്തിയതിലുള്ള പ്രതിഷേധമാണ് നഗരസഭ കൗൺസിലിന്. ഈ സാഹചര്യം വ്യക്തമാക്കി സബ് കളക്‌ടർ ചീഫ് സെക്രട്ടറിയ്ക്ക് നാളെ കത്ത് നൽകും. സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ട് അനുസരിച്ച് പൊളിക്കാനുള്ള ഫ്ലാറ്റുകൾ ഇന്ന് കമ്പനികൾക്ക് കൈമാറാനാണ് നേരത്തെ തീരുമാനിച്ചത്. 

ഇനി നഗരസഭ കൗൺസിൽ അംഗീകാരം വാങ്ങിയ ശേഷമാകും തുടർ നടപടി. 18 നിലകളിലുള്ള ഹോളി ഫെയ്ത്ത് ഫ്ലാറ്റ്,ജെയിൻ കോറൽ കേവ്, 16 നിലകളുള്ള ഗോൾഡൻ കായലോരം എന്നിവ പൊളിക്കാനായി തെരഞ്ഞെടുത്തത് എഡിഫെയ്സ് എന്ന കമ്പനിയെയയാണ്. വിജയ് സ്റ്റീൽ 16 നിലകളിലുള്ള ആൽഫ വെഞ്ച്വറിന്‍റെ ഇരട്ട കെട്ടിടം പൊളിക്കും. 7 സെക്കന്‍റ് സമയം മാത്രം മതി സ്ഫോടനം നടത്തി കെട്ടിടങ്ങൾ പൊളിക്കാനെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്.