കൊച്ചി: സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന്‍റെ പശ്ചാത്തലത്തിൽ മരടിലെ ഫ്ലാറ്റുകളിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് ഉടമകൾക്ക് നഗരസഭ ഇന്ന് നോട്ടീസ് നൽകും. കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കർശന നിർദേശത്തെ തുടർന്നാണ് ന​ഗരസഭയുടെ നടപടി. 

തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഇതിന്‍റെ പശ്ചാത്തലത്തിലാണ് താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകുന്നത്. ഉച്ചയ്ക്ക് മുമ്പ് നഗരസഭ നോട്ടീസ് പതിക്കും.

തീരദേശപരിപാലന ചട്ടം ലംഘിച്ചാണ് ഫ്ലാറ്റുകളുടെ നിർമ്മാണമെന്നും അതിനാൽ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ സുപ്രീംകോടതി ഉത്തരവുണ്ടെന്നും സ്വമേധയാ ഒഴിഞ്ഞുപോകണമെന്നുമാകും നോട്ടീസിൽ ഉണ്ടാകുക. ഇതാദ്യമായിട്ടാണ് ഫ്ലാറ്റുകളിലെ ഉടമകൾക്ക് നഗരസഭ ഒദ്യോഗികമായി നോട്ടീസ് നൽകുന്നത്. വിഷയം ചർച്ച ചെയ്യാൻ ഇന്ന് മരട് നഗരസഭാ യോഗവും ചേരും. പത്തരയോടെ ചേരുന്ന നഗരസഭാ കൗൺസിൽ യോഗം തുടർ നടപടികൾ ആലോചിക്കും. ഫ്ലാറ്റ് പൊളിക്കുന്നതിന് കണക്കാക്കുന്ന 30 കോടിയോളം രൂപ സർക്കാർ നൽകണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.

ഈ തുക ഒറ്റയ്ക്ക് താങ്ങാനാകില്ലെന്ന് ന​ഗരസഭ ചെയർപേഴ്സൺ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകൾ പൊളിച്ച് മാറ്റുക എന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ ന​ഗരസഭ ബാധ്യസ്ഥരാണ്. എന്നാൽ, ഫ്ലാറ്റുകൾ പൊളിക്കാനുള്ള ബാധ്യത നഗരസഭയ്ക്ക് ഏറ്റെടുക്കാനാകില്ല. ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസ കാര്യത്തിലും സർക്കാർ സഹായം വേണമെന്നും മരട് നഗരസഭ ചെയർപേഴ്സൺ ടി എച്ച് നദീറ അറിയിച്ചിരുന്നു.

അതേസമയം, നഗരസഭയുടെ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ മറ്റൊരു ഹർജിയുമായി സമീപിക്കാൻ ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷൻ ആലോചിക്കുന്നുണ്ട്. നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലുമായി അഞ്ഞൂറോളം കുടുംബങ്ങളാണ് ഒഴിപ്പിക്കൽ ഭീഷണി നേരിടുന്നത്.

ഇന്നലെ മരട് ഫ്ലാറ്റ് സന്ദ‌ർശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരെ ഫ്ലാറ്റുടമകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഹോളി ഫെയ്ത് അപ്പാർട്മെന്‍റുകളുടെ മുന്നിൽ വച്ചാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് ചീഫ് സെക്രട്ടറിയെ ഉപരോധിക്കാനെത്തിയത്. ഫ്ലാറ്റുടമകൾ ചീഫ് സെക്രട്ടറിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും തിരിച്ചു പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വിഷയത്തിൽ സുപ്രീം കോടതിയെ സർക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചില്ലെന്നാണ് ഫ്ലാറ്റുടമകൾ ആരോപിക്കുന്നത്. അപ്പാർട്മെന്‍റുകളിൽ താമസക്കാരുണ്ടെന്ന് ആരും സുപ്രീം കോടതിയെ ധരിപ്പിച്ചില്ലെന്നും ഫ്ലാറ്റുടമകൾ ആരോപിക്കുന്നു. ഫ്ലാറ്റ് പൊളിക്കുന്നത് ഏത് വിധേനയും പ്രതിരോധിക്കുമെന്ന് നിലപാടിലാണ് ഇവ‌ർ. സ‌ർക്കാരും ന​ഗരസഭയും ഇപ്പോഴും യാതൊരു വിധ സഹായവും നൽകുന്നില്ലെന്നും ഫ്ലാറ്റുടമകൾ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫ്ലാറ്റുടമകൾ മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു.

സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞുവെന്നും സർക്കാർ നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഫ്ലാറ്റ് ഉടമകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനും നീതി ഉറപ്പാക്കാനും സർക്കാരിന്‍റെ ഉത്തരവാദിത്തമല്ലേയെന്ന് മരട് ഭവന സംരക്ഷണ സമിതി കത്തിൽ ആരാഞ്ഞു.