ദില്ലി: മരട് ഫ്ലാറ്റ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അനധികൃത ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടികളുടെ പുരോഗതി സുപ്രീംകോടതി വിലയിരുത്തും. സുപ്രീംകോടതി വിധി നടപ്പാക്കാൻ ഇതുവരെ എടുത്ത നടപടികൾ വിവരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ സത്യവാങ്മൂലം നൽകിയിരുന്നു. ഫ്ലാറ്റുടമകൾക്ക് ഇതുവരെ 10 കോടി 87 ലക്ഷം രൂപ വരെ നഷ്ടപരിഹാര തുകയായി വിതരണം ചെയ്തിട്ടുണ്ടെന്നും പൊളിക്കൽ നടപടികൾ ഏകോപിപ്പിക്കാൻ സാങ്കേതിക സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

ഫ്ളാറ്റ് നിര്‍മ്മാതാക്കൾക്കെതിരെയുള്ള നിയമനടപടികളും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തിനൊപ്പം കെട്ടിട ഉടമകൾ നൽകിയ ഹര്‍ജികളും ഫ്ലാറ്റ് ഉടമകൾ നൽകിയ ഹര്‍ജികളും പരിഗണിക്കേണ്ടതുണ്ടോ എന്നും കോടതി പരിശോധിക്കും.