Asianet News MalayalamAsianet News Malayalam

മരട് നഗരസഭയിൽ അധികാരത്തർക്കം; ഫ്ലാറ്റ് പൊളിക്കാന്‍ സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ ഭരണസമിതി

ഫ്ലാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നില്ലെന്നും ഭരണ സ്തംഭനമാണെന്നുമാണ് ഭരണസമിതിയുടെ പരാതി.

maradu muncipality against news secratary snehil kumar
Author
Kochi, First Published Sep 28, 2019, 8:00 AM IST

കൊച്ചി: മരടിൽ ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ തുടരുന്നതിനിടെ സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറിയ്ക്കെതിരെ നഗരസഭ ഭരണസമിതി രംഗത്ത്. ഫ്ലാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നില്ലെന്നും ഭരണ സ്തംഭനമാണെന്നും കാണിച്ച് സർക്കാരിന് കത്തയച്ചു. അതേസമയം, ഫ്ലാറ്റ് പൊളിക്കാനുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ നഗരസഭയുടെ അടിയന്തര കൗൺസിൽ ഇന്ന് ചേരും.

മരടിലെ ഫ്ലാറ്റ് പൊളിക്കൽ വിഷയത്തിൽ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഫ്ലാറ്റ് പൊളിക്കലിന് മാത്രമായി സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത്. നിലവിലുള്ള സെക്രട്ടറിയെ മാറ്റിയായിരുന്നു നിയമനം. ഫ്ലാറ്റ് പൊളിക്കലിനുള്ള തുടർനടപടിയുമായി സബ് കളക്ടർ മുന്നോട്ട് പോകുന്നതിനിടെയാണ് നഗരസഭ ഭരണസമിതി ഉദ്യോഗസ്ഥനെതിരെ രംഗത്ത് വരുന്നത്. സെക്രട്ടറി ചുമതലയിൽ വന്ന ഐഎഎസ് ഉദ്യോഗസ്ഥൻ നഗരസഭയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപടുന്നില്ലെന്നാണ് കൗൺസിലിന്‍റെ പരാതി. തന്‍റെ ചുമതല ഫ്ലാറ്റ് പൊളിക്കൽ മാത്രമാണെന്ന് സബ് കളക്ടർ അറിയിച്ചതായും, ഫയലുകളിൽ ഒപ്പിടാൻ സ്നേഹിൽ കുമാർ സിംഗ് വിസമ്മതിക്കുന്നത് നഗരസഭയുടെ ഭരണം തന്നെ താറുമാറാക്കുകയാണെന്നുമാണ് ഭരണസമിതി സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

ഫ്ലാറ്റ് പൊളിപ്പിക്കലുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിയായ സബ് കളക്ടർ സ്വീകരിക്കുന്ന നടപടികൾ ഭരണസമിതി അറിയാതെയാണ് എന്നാണ്  നഗരസഭ ഭരണസമിതിയുടെ പരാതി. പ്രശ്നം ചർച്ച ചെയ്യാൻ നേരത്തെ വിളിച്ച കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനും ഉദ്യോഗസ്ഥൻ വിസമ്മതിച്ചെന്നും ഭരണസമതി കത്തിൽ വ്യക്തമാക്കുന്നു. പ്രദേശിക ഭരണസമിതിയെ അപമാനിക്കുകയാണ് ഉദ്യോഗസ്ഥനെന്നും അടിയന്തര പരിഹാരം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പ്രശ്നത്തിൽ രാഷ്ട്രീയ ഇടപെടൽ കൂടി ഉയർത്തി കൊണ്ടുവരാനാണ് നഗരസഭയുടെ തീരുമാനം.

Follow Us:
Download App:
  • android
  • ios