ദില്ലി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകും. കോടതിയിൽ 23-ന് ചീഫ് സെക്രട്ടറി ഹാജരാകണോ എന്നതിൽ സർക്കാർ വീണ്ടും നിയമോപദേശം തേടും. കോടതി ആവശ്യപ്പെട്ടാൽ ഹാജരാകുമെന്ന് ഇതേക്കുറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ദില്ലിയിൽ പ്രതികരിച്ചു. 

സുപ്രീംകോടതി വിധി നടപ്പാക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളാണ് സർക്കാർ നൽകുന്ന റിപ്പോർട്ടിൽ ഉള്ളത്. മരടിലെ അനധികൃത ഫ്ളാറ്റുകൾ ഒഴിപ്പിക്കാൻ നോട്ടീസ് പതിച്ചു, പൊളിക്കാനുള്ള ടെണ്ടർ നടപടികൾ തുടങ്ങി എന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കും. പാരിസ്ഥിതിക ആഘാതം കൂടാതെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാനായി കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെടും.

കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ ചീഫ് സെക്രട്ടറി 23-ന് എത്തണമെന്നാണ് സുപ്രീംകോടതി വിധിയിലുള്ളത്. കോടതി ഉത്തരവ് നടപ്പാക്കിത്തുടങ്ങിയെന്ന് അറിയിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഹാജരാകണോ എന്നതിൽ നിയമോപദേശം തേടാനാണ് ഇപ്പോൾ സർക്കാർ നീക്കം. ഹാജരാകാൻ ആവശ്യപ്പെട്ടാൽ മാത്രമേ കോടതിയിലെത്തൂ എന്ന് ചീഫ് സെക്രട്ടറി ദില്ലിയിൽ പറഞ്ഞു. 

ദില്ലിയിലെ കേരളാ ഹൗസിൽ ചീഫ് സെക്രട്ടറി സർക്കാരിന്‍റെ സ്റ്റാന്‍റിംഗ് കോൺസലുമായി ചർച്ച നടത്തി. അതിന് ശേഷമാണ് കോടതിയിൽ നൽകാനുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാലോ, സോളിസിറ്റർ ജനറൽ തുഷാർമേത്തയോ ഹാജരാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.