തൃശ്ശൂര്‍: തൃശ്ശൂരിലെ ഇപ്പോഴത്തെ കൊവിഡ് സാഹചര്യം അപ്രതീക്ഷിതമല്ലെന്ന് മന്ത്രി എ സി മൊയ്‍തീന്‍. നിലവില്‍ അപകടകരമായ സാഹചര്യമില്ല. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗവ്യാപനം ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ക്വാറന്‍റീന്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാവും. വരുന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തൃശ്ശൂരിലെ മാര്‍ക്കറ്റുകള്‍ അണുനശീകരണത്തിനായി അടച്ചിടും. രണ്ടുദിവസം കച്ചവടം ഉണ്ടാകില്ലാത്തതിനാല്‍ അവശ്യമുള്ള വസ്തുക്കള്‍ നേരത്തെ വാങ്ങിക്കാന്‍ ശ്രദ്ധിക്കണം. ജില്ലയാകെ അടച്ചിടില്ല എന്നാല്‍ കൂടുതല്‍ ജാഗ്രതയുണ്ടാവണമെന്നാണ് നിര്‍ദേശം. 

ഇന്നലെ മാത്രം 14 പേർക്കാണ് തൃശ്ശൂരില്‍ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജില്ലയിൽ ഇത്തരത്തിൽ 25 ഓളം കേസുകൾ ആണുള്ളത്. കൊവിഡ് ബാധിച്ച് മരിച്ച ഏങ്ങണ്ടിയൂർ സ്വദേശി കുമാരന് രോഗം എങ്ങനെ പിടിപെട്ടു എന്ന് ഇനിയും വ്യക്തമല്ല. കുറിയച്ചിറ വെയർ ഹോസ്സിലെ നാല് തൊഴിലാളികള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നും വന്നവരിൽ നിന്നാണ് രോഗം പിടിപെട്ടത് എന്നാണ് കരുതുന്നത്. 

മുന്‍കരുതലിന്‍റെ ഭാഗമായി വെയർഹൗസ് അടച്ചു. തൃശ്ശൂർ നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ക്വാറന്‍റീന്‍ കേന്ദ്രങ്ങൾ വൃത്തിയാക്കിയതിലൂടെ ആണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് നഗരസഭ ഓഫീസുകളിൽ കർശന നിയന്ത്രണം നടപ്പിലാക്കി തുടങ്ങി. വടക്കേക്കാടും ചവക്കാടും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചത് ജില്ലാ ഭരണകൂടത്തെ കുഴക്കുന്നുണ്ട്.