തൃശ്ശൂര്‍: സമ്പര്‍ക്കം വഴി രോഗികളുടെ എണ്ണം കൂടുന്ന  സാഹചര്യത്തില്‍  തൃശൂരില്‍ അതീവജാഗ്രത തുടരുന്നു. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകള്‍ ഇന്നും നാളെയും അടച്ചിട്ട് അണുവിമുക്തമാക്കും. തൃശൂര്‍ ജില്ലയിലെ 146 രോഗികളില്‍ 45 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതില്‍ 24 ആരോഗ്യപ്രവര്‍ത്തകരുണ്ട്. നാല് ചുമട്ടുതൊഴിലാളികള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും രോഗം ബാധിച്ചതും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. 

ഈ സാഹചര്യത്തില്‍ രോഗം പടരാതിരിക്കാൻ കനത്ത സുരക്ഷാ മുൻകരുതലാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് തൃശ്ശൂരിലെ പ്രധാന മാര്‍ക്കറ്റുകള്‍ ഇന്നും നാളെയും അടച്ചിട്ട് വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നത്. അതേസമയം കഴിഞ്ഞ 10 ദിവസത്തിനിടെ രോഗികളുടെ എണ്ണം കുറയുന്നത് വലിയ ആശ്വാസമാണ് ആരോഗ്യവകുപ്പിന് നല്‍കിയിരിക്കുന്നത്. 

രോഗവ്യാപനം കുറഞ്ഞ വടക്കേക്കാട്, തൃക്കൂര്‍, അടാട്ട് പഞ്ചായത്തുകളെ കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്ന് ഒഴിവാക്കി. ഇതോടെ കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണം 10 ആയി കുറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വടക്കേക്കാട് ആരോഗ്യകേന്ദ്രം തുറന്നു. ജീവനക്കാര്‍ ഉള്‍പ്പെടെ 47 പേരുടെ സാമ്പിള്‍  ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണിത്. ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ഏഴ് ജീവനക്കാര്‍ മാത്രമെ ജോലിയ്ക്ക്  എത്തു. നാല് തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ച കുരിയച്ചിറയിലെ വെയര്‍ഹൗസ് തത്കാലം തുറക്കില്ല.