മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനിടെ നൽകിയ മൊഴി സിഎംആർഎൽ എംഡി ശശിധരൻ കർത്ത പിൻവലിച്ചു. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറിയെന്നും ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചുവെന്നും കാണിച്ച് സത്യവാങ്മൂലം
കൊച്ചി: മാസപ്പടി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനിടെ നൽകിയ മൊഴി പിൻവലിച്ച് കരിമണൽ കമ്പനിയായ സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത. ഇഡിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മൊഴി പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ശശിധരൻ കർത്തയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സഹോദരൻ അജിത് സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
2024 മെയ് 15-നാണ് മൊഴി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറിയെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. മോശം ആരോഗ്യാവസ്ഥയിലായിരുന്നിട്ടും കർത്തയെ നിർബന്ധിച്ച് ചോദ്യം ചെയ്യുകയാണുണ്ടായത്. ആരോഗ്യം തൃപ്തികരമല്ലെന്നും ചോദ്യം ചെയ്യൽ തുടരരുതെന്നും ഡോക്ടർമാർ വ്യക്തമായി എതിർത്തിട്ടും ഇഡി നടപടികളുമായി മുന്നോട്ടുപോയി. ചോദ്യം ചെയ്യലിന്റെ ഘട്ടത്തിൽ കർത്തയുടെ വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. അന്വേഷണ ഏജൻസിയുടെ മാനസിക-ശാരീരിക പീഡനം സഹിക്കാനാവാതെ ചോദ്യം ചെയ്യലിനിടെ താൻ മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കർത്ത പറഞ്ഞതായും സഹോദരൻ നൽകിയ രേഖയിലുണ്ട്. കർത്തയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ സഹിതമാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. 72 വയസ്സുള്ള ശശിധരൻ കർത്ത തീവ്രമായ ഹൃദ്രോഗം, പാർക്കിൻസൺസ്, ഡിമെൻഷ്യ, ഗുരുതരമായ കിഡ്നി രോഗം എന്നിവയാൽ ബുദ്ധിമുട്ടുന്നയാളാണ്. ഈ സാഹചര്യങ്ങൾ പൂർണ്ണമായി അവഗണിച്ചാണ് കേന്ദ്ര ഏജൻസി ചോദ്യം ചെയ്യൽ തുടർന്നതെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം.
ഇന്ന് കൊച്ചിയിൽ നിർണായക കൂടിക്കാഴ്ച
മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെയും കത്തിലെയും തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അഡ്വക്കേറ്റ് ജനറലും ഇന്ന് കൊച്ചിയിൽ നിർണായക കൂടിക്കാഴ്ച നടത്തും. കേസിൽ സ്വീകരിക്കേണ്ട നിയമപരമായ നീക്കങ്ങളെക്കുറിച്ചും അന്വേഷണ സാധ്യതകളെക്കുറിച്ചും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്യും.
കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും അന്തിമ നിയമവശങ്ങളും നിയമോപദേശവും നാളെയോടെ സർക്കാരിന് കൈമാറുമെന്നാണ് സൂചന. ഇഡി സമർപ്പിച്ച റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ എത്രത്തോളം നിയമപരമായ സാധുതയുണ്ടെന്ന് പരിശോധിച്ച ശേഷമായിരിക്കും എജി റിപ്പോർട്ട് നൽകുക.ഇഡി നൽകിയ കത്തിലെ കണ്ടെത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം പ്രഖ്യാപിക്കാനാണ് നിലവിൽ സാധ്യത കാണുന്നത്.


