കൊച്ചി: കെഎസ്ആർടിസിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ഇപ്പോൾ സർവീസിലുള്ള എല്ലാ എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിടണമെന്നാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ കെഎസ്ആർടിസിയിലെ 1565 എം പാനൽ ഡ്രൈവർമാരെയും പിരിച്ചുവിടണ്ടി വരും. പിഎസ്‍സി ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്.

ഈ മാസം 30-നകം പിരിച്ചുവിടൽ നടപടി പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു. 2455 വേക്കൻസികളിൽ പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉള്ളവരെ നിയമിക്കണം. ഇവരെ നിയമിക്കാനുള്ള അഡ്വൈസ് മെമ്മോ എത്രയും പെട്ടെന്ന് നൽകണം. ഈ മാസം 30-നകം ഇത് സംബന്ധിച്ച് എടുത്ത നടപടികളെല്ലാം ചേർത്ത് തൽസ്ഥിതിവിവരറിപ്പോർട്ട് നൽകണം. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികളാണ് നിയമനനടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

ഇത് കെഎസ്ആർടിസിയുടെ സർവീസുകളെ എങ്ങനെ ബാധിക്കുമെന്ന കാര്യം ഇനിയും വ്യക്തമല്ല. നേരത്തേ എംപാനൽ കണ്ടക്ടർമാരെയും കൂട്ടത്തോടെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്ന് സർവീസുകൾ നാലിലൊന്നായി വെട്ടിച്ചുരുക്കേണ്ട അവസ്ഥ തന്നെ വേണ്ടി വന്നിരുന്നു. ഇതിനെതിരെ സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുമോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഇനിയും അറിയേണ്ടതുണ്ട്.

അന്ന് ഹൈക്കോടതി ഉത്തരവനുസരിച്ച് 3,861 താല്‍ക്കാലിക കണ്ടക്ടർമാർക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതിനെതിരെ എം പാനൽ കണ്ടക്ടർമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്ന് നിവൃത്തിയില്ലാതെ സെക്രട്ടേറിയറ്റിന് മുന്നിൽ എം പാനൽ കണ്ടക്ടർമാർ അനിശ്ചിതകാല സമരം നടത്തിയിരുന്നു. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയായിരുന്നു സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ തിരികെ ഹൈക്കോടതിയെ സമീപിക്കാനാണ് നിർദേശം കിട്ടിയത്.