തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. കോളേജില്‍ സംഘർഷമുണ്ടായ സമയത്തെ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് കെ വിശ്വഭരൻ അടക്കം പതിനൊന്ന് പേരെയാണ് മാറ്റിയത്. ഉത്തരക്കടലാസുകളുടെ ചുമതലയുണ്ടായിരുന്ന പ്രൊഫ. ഇ അബ്ദുൾ ലത്തീഫിനെയും യൂണിയൻ ഉപദേശകനായിരുന്ന വി എസ് വിനീതിനെയും സ്ഥലംമാറ്റിയിട്ടുണ്ട്. സിപിഎം അനുകൂല അധ്യാപക സംഘടനയായ എകെജിസിടിയുടെ കോളേജിലെ ഫ്രാക്ഷൻ ചുമതലയുള്ള ആനന്ദ് ബി ദിലീപ് രാജിനെയും സ്ഥലംമാറ്റി.

കോളേജിലെ ശുദ്ധികലശത്തിന്‍റെ ഭാഗമായാണ് നടപടി. വധശ്രമത്തിനും ഉത്തരക്കടലാസ് ചോർച്ചക്കും പിന്നാലെ യൂണിവേഴ്സിറ്റി കോളേജിൽ ശുദ്ധികലശം നടത്തുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. നടപടി വൈകുന്നത് വിവാദമാകുന്നതിനിടെയാണ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. കത്തിക്കുത്തിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് അധ്യാപകരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.