Asianet News MalayalamAsianet News Malayalam

നടന്നത് 32 ലക്ഷത്തിന്റെ ഉദ്യോഗസ്ഥ ക്രമക്കേട്, നികുതി അടച്ചതിനെല്ലാം രസീത് നൽകിയിട്ടുണ്ട്: മേയർ ആര്യ രാജേന്ദ്രൻ

ഒരു മാസത്തിനുള്ളിൽ എല്ലാ വാർഡുകളിലും നികുതി സംബന്ധിച്ച പരിശോധന നടത്തുമെന്ന് മേയർ അറിയിച്ചു. നികുതി കുടിശികയുള്ളവരുടെ പേരുകൾ പ്രസിദ്ധീകരിക്കും

Mayor Arya Rajendran Trivandrum corporation tax fraud
Author
Thiruvananthapuram, First Published Oct 7, 2021, 7:09 PM IST

തിരുവനന്തപുരം: നഗരസഭയിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് താൻ അഴിമതി സമ്മതിച്ചുവെന്ന വാർത്തകൾ ശരിയല്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കോർപറേഷനിൽ നടന്നത് ഉദ്യോഗസ്ഥ തലത്തിലെ ക്രമക്കേട് മാത്രമാണ്. സോഫ്റ്റുവെയറിലെ തകരാർ പരിഹരിക്കുമെന്ന് ഉറപ്പുപറഞ്ഞ മേയർ നികുതി അടച്ചതിനെല്ലാം രസീത് നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

തിരുവനന്തപുരം നഗരസഭയിലെ വരുമാന ചോർച്ചയുടെ വിശദംശങ്ങള്‍ ചർച്ച ചെയ്യാൻ ചേർന്ന കൗണ്‍സിൽ യോഗത്തിലും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമമില്‍ വാക്കേറ്റമുണ്ടായി. ഭരണസമിതിയുടെ അറിവോടെയാണ് ക്രമക്കേടെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ നടന്ന ക്രമക്കേട് മാത്രമാണെന്നും മൂന്ന് വാർഡുകളിലാണ് ക്രമക്കേട് നടന്നതെന്നും മേയർ പറഞ്ഞു. ഒരു മാസത്തിനുളളിൽ എല്ലാവർഡുകളിലും പരിശോധന നടത്തി കുടിശികയുള്ളവരുടെ പേര് പ്രസിദ്ധീകരിക്കും. പരാതിയുള്ളവർക്കായി നവംബർ മാസത്തിൽ അദാലത്ത് സംഘടിപ്പിക്കുമെന്നും നികുതി അടച്ചവർക്കാക്കും പണം നഷ്ടപ്പെടില്ലെന്നും മേയർ പറയുന്നു.

ശ്രീകാര്യം, നേമം, ആറ്റിപ്ര എന്നീ മൂന്നു സോണുകളിൽ 32 ലക്ഷത്തിന്റെ ക്രമക്കേട് നടന്നു. മറ്റ് നാല് സോണുകളിൽ ക്രമക്കേടുണ്ടോയെന്ന് അറിയാൻ അന്വേഷണം തുടരുകയാണെന്നും മേയർ അറിയിച്ചു. ക്രമക്കേട് സംബന്ധിച്ച എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്നും കോവിഡ് ഇളവുകളുടെ മറവിലാണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയതെന്നും മേയർ പറഞ്ഞു. 32 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ അഞ്ചു ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. അദാലത്ത് പ്രഖ്യാപിച്ചുവെങ്കിലും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന കൗണ്‍സിലർമാരുടെ രാപ്പകള്‍ സമരം തുടരും.
 

Follow Us:
Download App:
  • android
  • ios