Asianet News MalayalamAsianet News Malayalam

സ്വാശ്രയ മെഡിക്കൽ ഫീസ്; ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്, വിദ്യാർത്ഥികൾ കടുത്ത ആശങ്കയിൽ

ഫീസ് വർദ്ധന വിദ്യാർത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്. വിദ്യാർത്ഥികൾക്ക് ഓപ്ഷൻ പുനക്രമീകരിക്കാൻ ഇന്ന് ഉച്ചക്ക് 12 മുതൽ നാളെ 12 വരെ സമയം.

mbbs fee in self financing medical colleges in kerala government moves supreme court
Author
Thiruvananthapuram, First Published Nov 18, 2020, 7:41 AM IST

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധിക്കാമെന്ന കാര്യം വിദ്യാർത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്നു. നിലവിലെ ഫീസ് മൂന്നിരട്ടിവരെ കൂടാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് നീക്കം. അതിനിടെ പുതിയ സാഹചര്യത്തിൽ ഇന്ന് ഉച്ചക്ക് 12 മുതൽ നാളെ 12 വരെ ഓപ്ഷനുകൾ റീ അറേഞ്ച് ചെയ്യാൻ പ്രവേശന പരീക്ഷാ കമ്മീഷണർ അനുവാദം നൽകി.

സ്വാശ്രയമെഡിക്കൽ പ്രവേശന നടപടികൾ തുടങ്ങാനിരിക്കെ ഫീസിൽ കടുത്ത അനിശ്ചിതത്വമാണുള്ളത്. ജസ്റ്റിസ് രാജേന്ദ്ര ബാബു വിവിധ കോളേജുകളുടെ സാഹചര്യം നോക്കിയാണ് 6.32 ലക്ഷം മുതൽ 7.65 ലക്ഷം വരെ ഫീസ് നിശ്ചയിച്ചത്. വിദ്യാർത്ഥികൾ ഓപ്ഷൻ നൽകിത്തുടങ്ങിയതിനിടെയാണ് മാനേജ്മെൻറുകൾ ആവശ്യപ്പെട്ട ഫീസ് കൂടി വിദ്യാർത്ഥികളെ അറിയിക്കണമെന്ന് ഹൈക്കോടതി ഈ മാസം 13ന് ഉത്തരവിറക്കിയത്. ഇതോടെ മെറിറ്റ് സീറ്റിൽ വിവിധ മാനേജ്മെൻറുകൾ ആവശ്യപ്പെട്ട 11 മുതൽ 22 ലക്ഷം വരെ ഫീസ് നിരക്ക് കൂടി ചേർത്ത് വിജ്ഞാപനം പുതുക്കിയിറക്കി. ഇതോടെ ഫീസ് ഇത്രയും ഭാവിയിൽ കൂടിയാൽ അത് കൂടി വിദ്യാർത്ഥികൾ അടക്കേണ്ട സാഹചര്യമുണ്ടായി.

ഫീസ് കുറയുമെന്ന് കണ്ട് ഓപ്ഷൻ നൽകിയ പാവപ്പെട്ട വിദ്യാർത്ഥികളാണ് ഇതോടെ വെട്ടിലായത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകാനുള്ള സർക്കാർ നീക്കം. എജിയുമായി ആരോഗ്യവകുപ്പ് ചർച്ച നടത്തി. പക്ഷെ സുപ്രീംകോടതി തീരുമാനം വരും വരെ പ്രവേശന നടപടികൾ നീട്ടിക്കൊണ്ട് പോകാനാകില്ല. ഇതോടെയാണ് കോളേജുകൾ മാറ്റ് ഓപ്ഷൻ നൽകാൻ പ്രവേശന പരീക്ഷാ കമ്മീഷണർ ഒരു ദിവസത്തെ സമയം അനുവദിച്ചത്. ഓപ്ഷൻ മാറ്റിയാലും നാളെ എന്ത് ഫീസാകും അടക്കേണ്ടതെന്ന കാര്യത്തിൽ ഉറപ്പില്ലാത്തത് കടുത്ത ആശയക്കുഴപ്പമാണുണ്ടാക്കുന്നത്.

Follow Us:
Download App:
  • android
  • ios