Asianet News MalayalamAsianet News Malayalam

മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയായി പ്രഖ്യാപിച്ചു

പിജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന നിലയില്‍ സ്ഥാപനം മുന്നോട്ടു പോകുമ്പോള്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് കീഴിലുള്ള എംഡി, എംസിഎച്ച്, ഡിഎം തുടങ്ങിയ കോഴ്‌സുകള്‍ ആരംഭിക്കുവാന്‍ സാധിക്കും

MCC upgraded as post graduated institute
Author
Kannur, First Published Jun 15, 2022, 7:22 PM IST

തിരുവനന്തപുരം: മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചായി പ്രഖ്യാപിക്കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സെന്ററിന്റെ പേര് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ച്) എന്ന് പുനര്‍നാമകരണം ചെയ്യും. ക്യാന്‍സര്‍ ചികിത്സാ രംഗത്തും ഗവേഷണ രംഗത്തും വലിയ വഴിത്തിരിവായി ഇത് മാറും. പിജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന നിലയില്‍ സ്ഥാപനം മുന്നോട്ടു പോകുമ്പോള്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് കീഴിലുള്ള എംഡി, എംസിഎച്ച്, ഡിഎം തുടങ്ങിയ കോഴ്‌സുകള്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എംസിസിയെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയി ഉയര്‍ത്തുന്നതിനായി കിഫ്ബി വഴി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒന്നാം ഘട്ടത്തില്‍ 80 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 398 കോടി രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം അന്തിമഘട്ടത്തിലാണ്.

രണ്ടാം ഘട്ടത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ നടന്നു വരുന്നു. ഇന്ന് ഏകദേശം 270 ഓളം വിദ്യാര്‍ത്ഥികളും ആറ് പിഎച്ച്ഡി ഗവേഷണ വിദ്യാര്‍ത്ഥികളും ഈ സ്ഥാപനത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഇതു കൂടാതെ ക്യാന്‍സര്‍ ചികിത്സാരംഗത്ത് ആവശ്യമായ വിദഗ്ധ മാനവശേഷി നിര്‍മ്മിത കേന്ദ്രമായുള്ള ഒരു സ്ഥാപനമായി ഉയര്‍ന്നു വരികയാണ്. നിരവധി ഗവേഷണങ്ങള്‍ ഈ മേഖലകളില്‍ ഇവിടെ നടന്നു വരുന്നു. ഇന്ത്യയിലെ പ്രമുഖ ഗവേഷണ പഠന കേന്ദ്രങ്ങളുമായി സംയുക്ത ഗവേഷണ സംരംഭങ്ങളും നടന്നുവരുന്നു.

Follow Us:
Download App:
  • android
  • ios