"കോളേജ് പൂട്ടിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കണമെന്നാണ് അവിടെയുള്ള ഒരുവിഭാഗം കുട്ടികളുടെ ആഗ്രഹം. അതിനുവേണ്ടിയാണ് ഹൈക്കോടതിയില്‍ കേസ് നല്‍കുന്നതുള്‍പ്പടെയുള്ള നടപടികളുമായി അവര്‍ മുന്നോട്ട് പോകുന്നത്. ഇവിടെ ഫീസ് കൂടുതല്‍ നല്‍കണം എന്നതാണ് അവരുടെ പ്രശ്നം."

വര്‍ക്കല: എസ് ആര്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോളേജ് എംഡി എസ്‍ ആര്‍ ഷാജി പ്രതികരിച്ചു. കോളേജ് പൂട്ടിക്കാനാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ശ്രമമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോളേജ് പൂട്ടിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കണമെന്നാണ് അവിടെയുള്ള ഒരുവിഭാഗം കുട്ടികളുടെ ആഗ്രഹം. അതിനുവേണ്ടിയാണ് ഹൈക്കോടതിയില്‍ കേസ് നല്‍കുന്നതുള്‍പ്പടെയുള്ള നടപടികളുമായി അവര്‍ മുന്നോട്ട് പോകുന്നത്. ഇവിടെ ഫീസ് കൂടുതല്‍ നല്‍കണം എന്നതാണ് അവരുടെ പ്രശ്നം. എന്തുവില കൊടുത്തും എസ് ആര്‍ കോളേജ് പൂട്ടിക്കാനാണ് വിദ്യാര്‍ത്ഥികളുടെ ശ്രമമെന്നും എസ് ആര്‍ ഷാജി പറഞ്ഞു. 

അതേസമയം, എസ്.ആർ. മെഡിക്കൽ കോളേജിലെ പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.എ.നളിനാക്ഷൻ പറഞ്ഞു. ഇത്തരം മെഡിക്കല്‍ കോളേജുകൾക്ക് അനുമതി നൽകേണ്ടെന്ന് സർവകലാശാല നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരും മെഡിക്കൽ കൗൺസിലുമാണെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ കോളേജിൽ മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്കായി രോഗികളെന്ന വ്യാജേന പണം കൊടുത്ത് ആളുകളെ എത്തിക്കുന്നെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചത്. ഇതിന്‍റെ ദൃശ്യങ്ങളും സ്റ്റാൻഡ് വിത്ത് സ്റ്റുഡന്‍റ്സ് ഓഫ് എസ് ആർ മെ‍ഡിക്കൽ കോളേജ് എന്ന ഫേസ്ബുക്ക് പേജിലൂടെ ഇവര്‍ പുറത്തുവിട്ടിരുന്നു.