മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും തീരുമാനം.

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ മാനസിക, ശാരീരിക ആരോഗ്യനില ഇന്ന് പരിശോധിക്കും. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസര്‍ നിയോഗിച്ച പ്രത്യേക മെഡിക്കൽ ബോർഡാണ് പരിശോധന നടത്തുക. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയാണ് അധ്യക്ഷ. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുമ്പ് റിപ്പോർട്ട് നല്‍കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ജനറൽ ആശുപത്രിയിലെ അഞ്ച് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ബോർഡ് അംഗങ്ങളാണ്. വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആശുപത്രിയിലായ ഇബ്രാംഹിംകുഞ്ഞിന്‍റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലൻസ് കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശിച്ചത്. ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുക. അതേസമയം, കോടതിയിൽ സമര്‍പ്പിക്കും മുമ്പ് മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്ന ഇബ്രാഹിംകുഞ്ഞിന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.