എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ കണ്ടെത്തി

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നാണ് പരാതി. എന്നാൽ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന നൂലാണിതെന്നും അത് അലിഞ്ഞ് തൊലിയോട് ചേരാൻ ഒരു വർഷം വരെ സമയമെടുക്കാറുണ്ടെന്നും ഡോക്ടർമാർ പ്രതികരിച്ചു.

വൈക്കം കാട്ടിക്കുന്ന് സ്വദേശി ഷബീനയ്ക്കാണ് ദുരവസ്ഥയുണ്ടായത്. പ്രസവ ശേഷം ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ സ്‌കാനിങിന് വിധേയയാക്കിയപ്പോഴാണ് നൂൽ കണ്ടെത്തിയത്. പിന്നീട് നൂല് പുറത്തെടുത്തു. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഭർത്താവ് താജുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

എന്നാൽ ചികിത്സാ പിഴവല്ലെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ചൂണ്ടിക്കാട്ടി. സാധാരണയായി ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന നൂലാണ് ഇത്. പ്രസവ ശസ്ത്രക്രിയക്ക് ശേഷം മുറിവ് തുന്നിച്ചേർക്കാനാണ് ഇത് ഉപയോഗിച്ചത്. തൊലിക്കടിയിൽ ഇരുന്ന നൂലാണ് സ്കാൻ ചെയ്തപ്പോൾ കണ്ടെത്തിയത്. നൂല് അലിഞ്ഞു പോകാതിരുന്നത് കൊണ്ടാണ് അസ്വസ്ഥത ഉണ്ടായത്. സാധാരണ ഈ നൂല് അലിഞ്ഞു പോകാൻ 6 മാസം മുതൽ ഒരു വർഷമോ അതിലധികമോ സമയം എടുക്കാറുണ്ട്. കോട്ടയം മെെഡിക്കൽ കോളേജ് വീടിനടുത്തായത് കൊണ്ടാണ് യുവതിയും ഭർത്താവും ചികിത്സക്കായി അവിടേക്ക് പോയതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

YouTube video player