തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്‍റെ കൂടുതൽ ഓഡിയോ സന്ദേശം പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്‍റെ കൂടുതൽ ഓഡിയോ സന്ദേശം പുറത്ത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടന്ന് വേണു ബന്ധുവിന് അയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ആരോഗ്യനിലയെ കുറിച്ച് ആശങ്ക അറിയിച്ചുള്ളതാണ് സന്ദേശം. തനിക്ക് എന്തെങ്കിലും സംഭിച്ചാൽ ഉത്തരവാദിത്തം ആശുപത്രി ഏൽക്കുമോ? കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം അവർക്ക് നികത്താനാകുമോ? ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ, അത്രയും സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നതെന്നും വേണു അയച്ച ഓഡിയോയില്‍ പറയുന്നുണ്ട്. സംഭവത്തിൽ ആശുപത്രിക്ക് വീഴ്ചയുണ്ടായി എന്ന് ആവര്‍ത്തിക്കുകയാണ് കുടുംബം. ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും വേണുവിന്‍റെ ഭാര്യ സിന്ധു പറഞ്ഞിട്ടുണ്ട്. വേദന സഹിക്കാൻ കഴിയാതെ വന്നിട്ടും മരുന്ന് പോലും നൽകിയില്ല. ജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറി. അഞ്ചു ദിവസം വേദന സഹിച്ച് ആശുപത്രിയിൽ കിടന്നു. രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു. വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് പലതവണ പറഞ്ഞിട്ടും മരുന്ന് നൽകാൻ ഡോക്ടര്‍മാര്‍ തയ്യാറായില്ല. പലതവണ ആവശ്യപ്പെട്ടശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്. പിന്നീട് പെട്ടെന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെന്ന് പറഞ്ഞു. കാണാൻ പോലും സമ്മതിച്ചില്ല.

വെന്‍റിലേറ്ററിലാണെന്നാണ് പറഞ്ഞതിനുശേഷം പിന്നീട് മോര്‍ച്ചറിയിൽ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്. പെട്ടെന്ന് ആഞ്ജിയോ ഗ്രാം ചെയ്യേണ്ട വ്യക്തിയെയാണ് ചികിത്സ നൽകാതെ കൊന്നത്. ഇത്രയും വലിയ ചതിയാണെന്ന് ആശുപത്രിയിലുള്ളവര്‍ കാണിച്ചതെന്നും സിന്ധു കണ്ണീരോടെ പറഞ്ഞു.ഐസിയുവിൽ കയറി കാണാൻ അനുവദിച്ചില്ല. വെന്‍റിലേറ്ററിലാണെന്ന് പറഞ്ഞ സമയത്ത് തന്നെ അദ്ദേഹത്തിന് എന്തോ സംഭവിച്ചിരുന്നു. മരിച്ചശേഷവും ചികിത്സ തുടരുകയാണെന്ന തരത്തിലാണ് അവര്‍ പ്രതികരിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സിന്ധു പറഞ്ഞു.

വേണു മെഡിക്കൽ കോളേജിലെത്തിയത് ആൻജിയോഗ്രാം ചെയ്യുന്നതിനായി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് സുഹൃത്തിന് ശബ്ദ സന്ദേശം അയച്ചതിന് പിന്നാലെയാണ് ഓട്ടോ ഡ്രൈവറായ കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ല. നെഞ്ചുവേദനയെ തുടര്‍ന്ന് ചവറ പ്രാഥമിക ആശുപത്രിയിലായിരുന്നു വേണു ആദ്യം ചികിത്സ തേടിയത്. പിന്നാലെ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്നായിരുന്നു ജില്ലാ ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രിയായിരുന്നു വേണു മരിക്കുന്നത്. സുഹൃത്തിന് ശബ്ദസന്ദേശം അയച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ ഉന്നയിച്ചത്.

YouTube video player