ആലപ്പുഴ: ചികിത്സയ്ക്കെത്തിയ 13 വയസ്സുകാരിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നാട്ടുവൈദ്യൻ മോഹനൻ വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തി. കായംകുളം പൊലീസാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടത്. ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയും മോഹനൻ വൈദ്യര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.

സോറിയാസിസ് രോഗം ബാധിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ ചാലക്കുടി സ്വദേശിയായ കുട്ടി മോഹനന് വൈദ്യരുടെ ഓച്ചിറയിലെ ചികിത്സാ കേന്ദ്രത്തിൽ എത്തിയിരുന്നു. ഇവിടെ വെച്ച് കുട്ടിയുടെ മനോനില തകർക്കും വിധം വൈദ്യര്‍ പെരുമാറിയെന്നും പണം വാങ്ങി ഫലപ്രദമല്ലാത്ത മരുന്ന് നൽകിയെന്നുമാണ് വീട്ടുകാരുടെ പരാതി. ഇതേത്തുടർന്ന് ജുവനൈൽ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കായംകുളം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം ഉള്ളതിനാൽ മോഹനൻ വൈദ്യരുടെ മൊഴിയെടുത്ത ശേഷം ചികിത്സാ കേന്ദ്രത്തിലെ തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് ജാമ്യത്തിൽ വിടുകയായിരുന്നു.

ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയില്‍ മനപൂർവ്വമല്ലാത്ത നരഹത്യാ കേസും മോഹനൻ വൈദ്യര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. വയനാട് സ്വദേശിയായ പൊതുപ്രവർത്തകന്‍ ശ്രീജിത്ത് പെരുമനയുടെ പരാതിയെ തുടര്‍ന്നാണ് ഈ കേസ്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ അശ്രദ്ധയെ തുടർന്ന് മനുഷ്യജീവന് അപായം ഉണ്ടായതിനും ചികിത്സ നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനുമാണ് മോഹനൻ വൈദ്യർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.