പ്രളയ ദുരിത ബാധിതരോട് സർക്കാർ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചാണ് വ്യാപാരികളുടെ പ്രതിനിധിയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങുന്നത്

റാന്നി: പ്രളയത്തിൽ നാശനഷ്ടം നേരിട്ട വ്യാപാരികൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താനൊരുങ്ങുന്നു. പത്തനംതിട്ട റാന്നിയിലെ വ്യാപാരികളാണ് സർക്കാർ സഹായം നൽകാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തുമെന്ന് വ്യക്തമാക്കുന്നത്.

പ്രളയ ദുരിത ബാധിതരോട് സർക്കാർ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചാണ് വ്യാപാരികളുടെ പ്രതിനിധിയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങുന്നത്. 1200 ഓളം വ്യാപാരികളാണ് റാന്നിയിൽ ഉള്ളത്. ഇതിൽ ഭൂരിപക്ഷം പേർക്കും പ്രളയത്തിൽ വലിയ നാശനഷ്ടം ഉണ്ടായി. എന്നാൽ, ആർക്കും സർക്കാർ സഹായം എത്തിയില്ല. ദുരിത ബാധിതർക്ക് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ജപ്തി നോട്ടീസുകൾ അയക്കുകയും ചെയ്യുന്നുണ്ട്. 

ഈ സാഹചര്യത്തിലാണ് വ്യാപാരികളുടെ ആക്ഷൻ കമ്മിറ്റി മത്സരിക്കാൻ തീരുമാനമെടുത്തത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പിൻതുണയോടെയാണ് തീരുമാനം. നേരത്തെ കടാശ്വാസമെന്ന ആവശ്യം മുൻനിർത്തി സമരം നടത്തിയ എബി സ്റ്റീഫന്‍റെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നത്. 

എന്നാൽ, ഏതെങ്കിലും സമ്മർദ്ദ തന്ത്രത്തിന്‍റെ ഭാഗമായല്ല, മത്സരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഇക്കാര്യത്തിൽ മത, സാമുദായിക സംഘടനകളുടെ പിന്തുണയും തേടാൻ വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചെലവ് കണ്ടെത്താൻ ഭിക്ഷയെടുക്കുമെന്നും വ്യാപാരികൾ പറയുന്നു.