Asianet News MalayalamAsianet News Malayalam

ഇഎംസിസി കരാര്‍: ചെന്നിത്തലയ്ക്ക് മനോനില തെറ്റിയെന്ന് മന്ത്രി, കുണ്ടറക്കാരോട് ചോദിച്ചാലറിയാമെന്ന് ചെന്നിത്തല

5000 കോടിയുടെ അഴിമതി നടത്തിയെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്താണ് ഈ പറയുന്നത്, ഇവിടെ കോടിക്കൊന്നും ഒരു വിലയുമില്ലേ...?

Mercikkuttyamma rejects allegations about emcc contract for fishing
Author
Thiruvananthapuram, First Published Feb 19, 2021, 11:37 AM IST

തിരുവനന്തപുരം: ആഴക്കടൽ മത്സ്യ ബന്ധനം നടത്താൻ ഇഎംസിസി എന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയുമായി സർക്കാർ കരാർ ഒപ്പിട്ടെന്നും കരാറിൽ വൻ അഴിമതി നടന്നുവെന്നുമുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി ഫിഷറീസ് മന്ത്രി മെഴ്സിക്കുട്ടിയമ്മ. കേന്ദ്രനിയമം അനുസരിച്ച് കേരളത്തിലെ ഉൾക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. തങ്ങൾക്ക് മുന്നിൽ ഇതുവരെ ഇങ്ങനെയൊരു അഴിമതി ആരോപണം ഉയർന്നു വന്നിട്ടില്ലെന്നും മാനസിക നില തെറ്റിയ പ്രതിപക്ഷ നേതാവ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ അഴിച്ചു വിടുകയാണെന്നും മെഴ്സിക്കുട്ടിയമ്മ ആരോപിച്ചു. 

അതേസമയം മന്ത്രിയുടെ പ്രതികരണത്തിന് ശേഷം ഇഎംസിസിയുമായി കരാറുണ്ടെന്നും കരാറിൽ അഴിമതിയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ആരുടെ മനോനിലയാണ് തെറ്റിയതെന്ന് കുണ്ടറക്കാരോട് (മെഴ്സിക്കുട്ടിയമ്മയുടെ നിയോജകമണ്ഡലം) ചോദിച്ചാലറിയാം. തൻ്റെ ആരോപണത്തിൽ ഒളിച്ചു കളിക്കാനാണ് മെഴ്സിക്കുട്ടിയമ്മയുടെ ശ്രമമെങ്കിൽ കരാറുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ താൻ പുറത്തു വിടും.വ്യവസായ മന്ത്രി ഇപി ജയരാജനും ഈ അഴിമതിയിൽ പങ്കുണ്ട്. മനോനില നഷ്ടപ്പെട്ടവരായ മറ്റുള്ളവര്‍ക്കും അതേ പ്രശ്നം ആരോപിക്കുക. കള്ളം പൊളിഞ്ഞതോടെയാണ് ഇവര്‍ ഇങ്ങനെയൊക്കെ പറയുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിശദീകരണം തരണം. 

മെഴ്സിക്കുട്ടിയമ്മയുടെ വാക്കുകൾ -

പ്രതിപക്ഷനേതാവ് മാനസിക നില തെറ്റിയ നിലയിലാണ് സമീപകാലത്തായി പെരുമാറുന്നത്. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ വിളിച്ചു പറയുന്നത് അദ്ദേഹത്തിൻ്റെ സ്ഥിരം സ്വഭാവമാണ്. 5000 കോടിയുടെ അഴിമതി നടത്തിയെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്താണ് ഈ പറയുന്നത്, ഇവിടെ കോടിക്കൊന്നും ഒരു വിലയുമില്ലേ...?

 തികച്ചും അസംബന്ധമായ കാര്യങ്ങളാണ് ചെന്നിത്തല പറയുന്നത്. ഞാൻ ആരേയും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയൊരു ഉത്തരവില്ല. വ്യവസായവകുപ്പ് അങ്ങനെയൊരു കരാറിൽ ഒപ്പിട്ടെങ്കിൽ അവരോട് ചോദിക്കൂ. ഉൾനാടൻ മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനം പറയേണ്ടത് ഫിഷറീസ് വകുപ്പാണ്. 

ഞങ്ങളുടെ അറിവിൽ ഇങ്ങനെയൊരു കരാറില്ല. 2018-ൽ ഞാൻ അമേരിക്കയിൽ പോയത്. യുഎന്നിലെ ചർച്ചയ്ക്കാണ്. ആകെ മൂന്ന് ദിവസമാണ് അവിടെ ഉണ്ടായിരുന്നുള്ളൂ. ടികെഎം കോളേജ് ചെയർമാൻ, പ്രിൻസിപ്പൾ, കൊല്ലം കളക്ടർ എന്നിവരാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. ടികെഎം കോളേജും യൂണിവേഴ്സ്റ്റി കോളേജ് വിദ്യാർത്ഥികളും ഫിഷറീസ് വകുപ്പും ചേർന്നുള്ള ഒരു പ്രൊജക്ടിൽ താത്പര്യം കാണിച്ച യുഎന്നിൻ്റെ ക്ഷണപ്രകാരമാണ് ഞങ്ങൾ അവിടെ പോയത്. 

വ്യവസായ വകുപ്പുമായി കരാറൊപ്പിട്ടോ എന്നത് ഇവിടെ പ്രസക്തമല്ല. ഇവിടെ ലൈസൻസ് കൊടുക്കേണ്ടത് ഫിഷറീസ് വകുപ്പാണ്. ഫിഷറീസ് വകുപ്പിൽ ഇങ്ങനെയൊരു അപേക്ഷ വന്നിട്ടില്ല, അതിന് ലൈസൻസ് കൊടുത്തിട്ടുമില്ല. ഇതൊക്കെ ഫിഷറീസ് നയ കൃത്യമായി നേരത്തെ തന്നെ പറഞ്ഞതാണ്. ഉൾക്കടൽ മത്സ്യബന്ധനം പൂർണമായും പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമായിട്ടാണ് അനുവദിച്ചു കൊടുത്തിട്ടുള്ളത്. അതിൽ യാതൊരു ആശയക്കുഴപ്പവുമില്ല. ​

ഗതാ​ഗതവകുപ്പ് വാഹനങ്ങൾക്ക് രജിസ്ട്രേഷൻ കൊടുക്കന്നത് പോലെ മത്സ്യബന്ധനയാനങ്ങൾക്ക് അനുമതി നൽകേണ്ടത് ഫിഷറീസ് വകുപ്പാണ്. വ്യവസായ മന്ത്രിയുടെ അധികാര പരിധിയിൽ വരാത്ത ഒരു കരാറിൽ അദ്ദേഹത്തോട് വിശീദകരണം ചോദിക്കേണ്ട കാര്യമില്ല. ഇത്തരം അസംബന്ധ പ്രചാരണം നടത്തി മത്സ്യത്തൊഴിലാളികളെ ഇളക്കി വിടാം എന്നാണ് അദ്ദേഹം കരുതിയതെങ്കിൽ ആ പരിപ്പ് കേരളത്തിൽ വേവില്ല എന്നു മാത്രമേ പറയാനുള്ളൂ. രാജ്യത്തെ നിയമം അനുസരിച്ച് മത്സ്യബന്ധനത്തിന് അനുമതി നൽകേണ്ടത് ഫിഷറീസ് വകുപ്പാണ്. സംസ്ഥാന ഫിഷറീസ് വകുപ്പ് രജിസ്ട്രേഷൻ അനുവദിച്ചാൽ മാത്രമേ കേന്ദ്ര ആർക്കും പെർമിറ്റ് കൊടുക്കൂ....


ആഴക്കടൽ മത്സ്യ ബന്ധനം നടത്താൻ ഇഎംസിസി എന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയുമായി സർക്കാർ കരാർ ഒപ്പിട്ടെന്നും കരാറിൽ വൻ അഴിമതി നടന്നുവെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. 5000 കോടി രൂപയുടെ കരാറിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഒപ്പിട്ടതെന്നും വൻകിട അമേരിക്കൻ കുത്തക കമ്പനിക്ക് കേരള തീരം തീറെഴുതി കൊടുക്കുന്ന വൻ അഴിമതിയാണ് കരാറിന് പിന്നിലെന്നും പ്രതിക്ഷ നേതാവ് ആരോപിക്കുന്നു.

സ്പ്രിംകളറിനെക്കാളും ഇ മൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണ് നടന്നതെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ ഗൂഡാലോചന നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. ഇഎംസിസി പ്രതിനിധികളുമായി 2018 ൽ ന്യൂയോർക്കിൽ മേഴ്സിക്കുട്ടിയമ്മ ചർച്ച നടത്തി. എല്‍ഡിഎഫിലും മന്ത്രിസഭയിലും ചര്‍ച്ച നടത്താതെയാണ് കരാറില്‍ ഒപ്പിട്ടതെന്നും അദ്ദേഹം ആരോപിച്ചു. 10 ലക്ഷം രൂപ മാത്രം മൂലധനമുള്ള 2 വർഷം മുമ്പ് മാത്രം തുടങ്ങിയ കമ്പനിയാണ് ഇഎംസിസി. 

കരാറിന് മുമ്പ് ഗ്ലോബൽ ടെൻഡർ വിളിച്ചില്ല. എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് വിളിച്ചില്ല. 400 ട്രോളറുകളും 2 മദർ ഷിപ്പുകളും കേരള തീരത്ത് മൽസ്യ ബന്ധനം നടത്താൻ പോവുകയാണ്. വൻതോതിലുള്ള ഇത്തരം മത്സ്യബന്ധനം വഴി നമ്മുടെ മത്സ്യസമ്പത്ത് നശിക്കുമെന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന കരാറാണിതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios