മലപ്പുറത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് 

മലപ്പുറം: എആര്‍ നഗര്‍ കൊടുവായൂരില്‍ സഹകരണ ബാങ്കിനുസമീപം അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ കൃത്യം നടത്തിയത് ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒന്നിനെന്ന് പൊലീസ്. പ്രതിയായ പദം ഗദാബയെ (36) ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. ഒഡിഷ സ്വദേശി ഇന്ദര്‍ ബദ്ര (48) യെയാണ് താമസസ്ഥലത്തെ ഓപ്പണ്‍ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി പദം ഗദാബ പലപ്പോഴും സഹതാമസക്കാരുമായി വഴക്കുണ്ടാക്കാറുണ്ടെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. പ്രതിതന്നെയാണ് പുലര്‍ച്ചെ കൂടെ റൂമിലുണ്ടായിരുന്നവരെ വിളിച്ച് താന്‍ ഇന്ദറിനെ കൊലപ്പെടുത്തിയകാര്യം അറിയിച്ചതും.

പിന്നാലെ ഇന്ദര്‍ ബദ്ര സാധാരണ കിടന്നുറങ്ങാറുള്ളിടത്ത് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ കൂട്ടുകാര്‍ പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് വേങ്ങര പൊലീസ് മൊബൈല്‍ ലൊക്കേഷന്‍ നോക്കി അന്വേഷണം ആരംഭിച്ചു. തുടർന്ന് വേങ്ങര അങ്ങാടിയില്‍ നിന്നാണ് ബസില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ പിടികൂടിയത്. ഇടക്കിടക്ക് തന്നെ ശകാരിക്കുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിനുപയോഗിച്ച ചുറ്റിക കണ്ടെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വേങ്ങര എസ്എച്ച്ഒ പ്രജീഷിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലെ പരിശോധനക്കു ശേഷം ഒഡിഷയിലേക്ക് കൊണ്ടുപോയി.

YouTube video player