Asianet News MalayalamAsianet News Malayalam

അച്ഛനെയും മകളെയും ആക്രമിച്ച സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസെന്ന് മന്ത്രി

എന്നാൽ പൊലീസിന് വീഴ്ച ഉണ്ടായെന്ന് പറയാൻ പറ്റില്ലെന്നും മന്ത്രി  തിരുവനന്തപുരത്ത് പറഞ്ഞു.   പ്രതികളെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസാണ്.

Minister Antony raju comment ksrtc employees attacked Father and daughter
Author
First Published Sep 26, 2022, 11:22 AM IST

തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനേയും മകളേയും ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസാണെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. സംഭവത്തില്‍ പ്രതികളായ ജീവനക്കാരെ മാനേജ്മെന്‍റ്  ആദ്യമെ സസ്പെൻഡ് ചെയ്തു. കൂടുതൽ അച്ചടക്ക നടപടി എടുക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങളുണ്ട്. അതിന് ശേഷം നടപടിയെടുക്കും. എന്നാൽ പൊലീസിന് വീഴ്ച ഉണ്ടായെന്ന് പറയാൻ പറ്റില്ലെന്നും മന്ത്രി  തിരുവനന്തപുരത്ത് പറഞ്ഞു.   പ്രതികളെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസാണ്. എവിടെ ഒളിച്ചാലും പൊലീസ് അവരെ കണ്ടു പിടിക്കും. പ്രതികൾക്ക് മുൻകൂർ ജാമ്യം കിട്ടുക അത്ര എളുപ്പമല്ലെന്നും ആന്‍റണി രാജു പറഞ്ഞു. 

കാട്ടക്കടയിൽ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച കേസിൽ  പ്രതികളെ പിടിക്കാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ ആകുന്നില്ലെന്നാണ് പൊലീസ് വിശദീകരണം.  പ്രതികളെ പിടികൂടിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് മർദ്ദനത്തിനിരയായ അച്ഛന്റേയും മകളുടേയും തീരുമാനം.

സർക്കാരും കെഎസ്ആർടിസിയും അനുവദിച്ച യാത്രാ ആനുകൂല്യം ചോദിച്ചെത്തിയ ദളിതനായ അച്ഛനെ മകളുടെ മുന്നിലിട്ട് ആക്രമിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. പ്രതികളാകട്ടെ കാ‍‍ട്ടാക്കട ഡിപ്പോയിലെ ജീവനക്കാരും ആര്യനാട്ടെ സ്റ്റേഷൻ മാസ്റ്ററും അടങ്ങുന്ന സംഘവും. ആക്രമണ ദിവസം മുതൽ ഇന്ന് വരെ പൊലീസിന് പറയാനുള്ളതാകട്ടെ ഒരേ ഉത്തരം. പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ്.

പൊലീസിന്റെ ഈ ഉത്തരം ദുരൂഹമാണെന്നാണ് ആക്രമണത്തിനിരയായ പ്രേമനനും കുടുംബവും പറയുന്നു. പ്രതികൾക്ക് പരസ്യ പിന്തുണയുമായി സിഐടിയു കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. എന്നാൽ പ്രതികൾ ഇപ്പോൾ യൂണിയൻ നേതാക്കളോടും അകലം പാലിക്കുകയാണ്. ഹൈക്കോടതി ഇടപെട്ട കേസിൽ ആഭ്യന്തര വകുപ്പിനും സർക്കാരിനുമുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ ഒരാളെങ്കിലും കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഘടനാ നേതാക്കളോടും അകലം പാലിക്കാൻ പ്രതികൾ തീരുമാനിച്ചത്.

പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി നാളെ കോടതി പരിഗണിക്കും വരെ ഒളിവിൽ തുടരാനാണ് അഭിഭാഷകരുടെ ഉപദേശം. നാളെ വൈകുന്നേരം വരെ നടപടികൾ ഉണ്ടായില്ലെങ്കിൽ, സ്വകാര്യ അന്യായമടക്കം നീതി തേടിയുള്ള തുടർ നടപടികളിലേക്ക് പ്രേമനനും കുടുംബവും കടക്കും. 

Follow Us:
Download App:
  • android
  • ios