ബസ് ചാർജ് കൂട്ടും. വിദ്യാർത്ഥികളുടെ ചാർജും കൂട്ടും. കൺസഷൻ തുക വിദ്യാർത്ഥികൾ തന്നെ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും 5 രൂപ കൊടുത്താൻ ബാക്കി വാങ്ങാറില്ലെന്നും പറയുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് കൺസഷൻ തുക (Student Bus Concession Price)വർധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു (Antony Raju ). കൺസഷൻ തുക വിദ്യാർത്ഥികൾ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും 5 രൂപ കൊടുത്താൻ ബാക്കി വാങ്ങാറില്ലെന്നും വിശദീകരിക്കുന്നു. '10 വർഷം മുൻപാണ് വിദ്യാർത്ഥികളുടെ കൺസഷൻ തുക 2 രൂപയായി നിശ്ചയിച്ചത്. 2 രൂപ ഇന്ന് വിദ്യാർത്ഥികൾക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കൺസഷൻ തുക വർധിപ്പിക്കേണ്ടി വരും. മന്ത്രി വിശദീകരിക്കുന്നു.
വിദ്യാർത്ഥികളെ കയറ്റാത്ത ബസുടമകൾക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കൺസഷൻ ചാർജ് വർധനക്കെതിരെ പല വിദ്യാർത്ഥി സംഘടനകളുടേയും ഭാഗത്ത് നിന്നും വിമർശനമുയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
ബസ് ചാർജ്ജ് കൂട്ടേണ്ടിവരുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ഗതാഗത മന്ത്രി, ബസുടമകളുടെ ആവശ്യം ന്യായമാണെന്നും പ്രതികരിച്ചു. ചാർജ് വർധനയുണ്ടാകും. പക്ഷേ അത് പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും. ഇന്ധനവില ഉടൻ കൂടുമെന്ന വാർത്തകളും വരുന്നുണ്ട്. ബൾക്ക് പർച്ചേഴ്സ് ചെയ്തവർക്ക് വില കൂട്ടിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും മന്ത്രി അറിയിച്ചു.

ബജറ്റിലെ അവഗണനയിലും നിരക്ക് വർധന നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം.
നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവർ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. ഈ മാസം മുപ്പത്തിയൊന്നിനകം തീയതി പ്രഖ്യാപിക്കും. മൂന്ന് ദിവസത്തിനുള്ളിൽ സമരപ്രഖ്യാപനമുണ്ടാകും - ഫെഡറേഷൻ വ്യക്തമാക്കി.
'വേര്‍തിരിവ് വേണ്ട, ഞങ്ങളൊന്നാണ്'; ആൺപെൺ വേർതിരിവ് അവസാനിപ്പിക്കാന്‍ കോഴിക്കോട്ടെ സ്കൂളുകള്‍