തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുമായി ബന്ധപ്പെട്ട് നിയമസഹായം തേടിയ കമ്പനിയും അദാനിയും തമ്മിൽ ബന്ധമുണ്ടെന്ന് അറിഞ്ഞത് ഇപ്പോഴാണെന്ന് മന്ത്രി ഇ പി ജയരാജൻ. അദാനിയുമായുള്ള ബന്ധം വെളിപ്പെടുത്തേണ്ടത് കമ്പനിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിൽ അല്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎം നടത്തുന്ന സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിമാനത്താവള കൈമാറ്റ വിഷയത്തിൽ ലീഗൽ കൺസൾട്ടന്റായി നിശ്ചയിച്ചത് സിറിൽ അമർച്ചന്ത് മംഗൾദാസിനെയാണ്. ഇവരുടേത് പ്രമുഖ സ്ഥാപനമാണ്. ഭിന്ന താത്പര്യം ഉണ്ടാവില്ലെന്ന് അവർ ഉറപ്പുനൽകി. അദാനിയുമായുള്ള ബന്ധം ഇപ്പോഴാണ് മനസിലായത്. മാന്യമായ ഇടപാടുകാർ എന്ന നിലയിൽ അത് കമ്പനി അറിയിക്കേണ്ടതായിരുന്നു. സിറിൽ അമർചന്ദ് ദാസ് കമ്പനി ഇക്കാര്യം മറച്ചുവെച്ചു. വാർത്ത വന്നപ്പോൾ മാത്രമാണ് ഇക്കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടത്. തുടർ നടപടികൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ഐഡിസിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. അദാനിയുമായുള്ള ബന്ധം അവരും അറിഞ്ഞിരുന്നില്ല. പ്രൊഫൈൽ ഒന്നും പരിശോധിച്ചില്ല. ലേലത്തുക സിറിൽ അമർചന്ദ് ദാസ് കമ്പനിയെ അറിയിച്ചില്ല. ഞങ്ങളെ എങ്ങനെയാണ് സംശയിക്കാൻ ആവുക? വിമാനത്താവളം അദാനിക്ക് കീഴടക്കാൻ ആവില്ല, പോരാടും. ലേലം ചോർന്നതായി ഇപ്പോൾ വിവരമില്ല. എവിടെയും ജാഗ്രത കുറവ് ഉണ്ടായില്ല. നാലംഗ കമ്മിറ്റി ആണ് എല്ലാ ഉത്തരവാദിത്തവും ഉള്ള കമ്മിറ്റി. മാധ്യമ പ്രവർത്തകർ വിവരങ്ങൾ ലഭ്യമാക്കിയാൽ ബാക്കി കൂടി പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.