മലപ്പുറം: തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നടന്ന അക്രമത്തെ അതിശക്തമായി അപലപിച്ച് മന്ത്രി ജി സുധാകരൻ. അക്രമം നടത്തിയത് ക്രിമിനലുകളാണ്. ഇത്തരം ആളുകൾ  എങ്ങനെയാണ് എസ്എഫ്ഐ നേതൃത്വത്തിലേക്ക് എത്തിയതെന്ന് അന്വേഷിക്കണം. ഇത്തരം ക്രമിനലുകൾ പൊലീസ് സേനയിൽ എത്തിയാൽ സേനയുടെ അവസ്ഥ എന്താകുമെന്നും മന്ത്രി ജി സുധാകരൻ മലപ്പുറത്ത് ചോദിച്ചു.

കയ്യിൽ കത്തിയും കഠാരയും കൊണ്ട് എങ്ങനെ സംഘടന പ്രവർത്തനം നടത്തും? ഞങ്ങളും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയവരാണെന്നും ജി സുധാകരൻ പറഞ്ഞു. കുറ്റബോധം പോലുമില്ലാത്തതുകൊണ്ടാണ് പ്രതിപ്പട്ടികയിൽ ഉള്ളവര്‍ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയത്. ഇത്തരം ക്രിമിനലുകൾ പൊലീസ് സർവീസിലെത്താൻ പാടില്ലെന്നും ജി സുധാകരൻ പറഞ്ഞു.