മലപ്പുറം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജി സുധാകരൻ .പൊലീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നയത്തിന് അനുസരിച്ചാണ്. പൊലീസിന് തെറ്റ് പറ്റിയപ്പോഴൊക്കെ സര്‍ക്കാര്‍ ഇടപെട്ട് തിരുത്തിയിട്ടുണ്ട്. യുഎപിഎ അറസ്റ്റിന്‍റെ സാഹചര്യം മുഖ്യമന്ത്രി പരിശോധിക്കും. ഉചിതമായ സമയത്ത് ഉചിതമായ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും ജി സുധാകരൻ പറഞ്ഞു, 

മന്ത്രിമാര്‍ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം നടത്തേണ്ട കാര്യം ഇല്ലെന്നും ജി സുധാകരൻ പറഞ്ഞു. പന്തീരാങ്കാവിൽ സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പൊലീസ് നടപടിക്കെതിരെ സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. പൊലീസിന്‍റേത് ധൃതിപിടിച്ച നടപടിയാണെന്നാണ്  പാര്‍ട്ടി ആക്ഷേപം. ഈ സാഹചര്യത്തിലാണ് മന്ത്രി ജി സുധാകരന്‍റെ പ്രതികരണം