Asianet News MalayalamAsianet News Malayalam

കര്‍ഷക ആത്മഹത്യ; 'കള്ള പ്രചാരണം പൊളിഞ്ഞു', സതീശനും വി മുരളീധരനും മാപ്പ് പറയണമെന്ന് ഭക്ഷ്യമന്ത്രി

കര്‍ഷകന് മികച്ച സിബില്‍ സ്കോര്‍ ഉണ്ടെന്നാണ് തൻ്റെ അന്വേഷണത്തിൽ ബോധ്യമായെന്ന് ജി ആര്‍ അനില്‍ പറഞ്ഞു. തെറ്റായ പ്രചരണം നടത്തിയതില്‍ വി ഡി സതീശനും വി മുരളീധരനും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Minister GR Anil says Farmer who suicide in kuttanad thakazhi have best Sybil score nbu
Author
First Published Nov 16, 2023, 6:19 PM IST | Last Updated Nov 16, 2023, 6:36 PM IST

തിരുവനന്തപുരം: തകഴിയിലെ കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് കള്ള പ്രചാരണം പൊളിഞ്ഞെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. മരിച്ച കര്‍ഷകന് മികച്ച സിബില്‍ സ്കോര്‍ ഉണ്ടെന്നാണ് തൻ്റെ അന്വേഷണത്തിൽ ബോധ്യമായെന്ന് ജി ആര്‍ അനില്‍ പറഞ്ഞു. തെറ്റായ പ്രചരണം നടത്തിയതില്‍ വി ഡി സതീശനും വി മുരളീധരനും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി മുരളീധരൻ പറഞ്ഞതെല്ലാം തെറ്റാണെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2022-2023 ല്‍ സംഭരിച്ച നെല്ലിന് 644 കോടി രൂപ കേന്ദ്രം തരാനുണ്ട്. 2023-2024 ല്‍ കിട്ടേണ്ട 792 കോടി രൂപയും കുടിശ്ശികയുണ്ട്. ഓഡിറ്റ് പൂര്‍ത്തിയാകാത്തതിനാല്‍ പിടിച്ചുവെച്ചത് 6 കോടി രൂപ മാത്രമാണെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  

കേന്ദ്രത്തിൽ നിന്ന് നെല്ല് സംഭരണ കുടിശ്ശിക നേടിയെടുക്കാൻ പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നെല്ല് സംഭരണത്തിലെ കണക്കിൽ വ്യത്യാസം ഉണ്ടെങ്കിൽ ബിജെപി നേതാക്കൾക്ക് അത് തന്നോട് പറയാം. പ്രതിവർഷം 1300 കോടി രൂപ കേന്ദ്രം നൽകേണ്ടതാണ്. പി ആർ എസ് വായ്പ നിർത്തണമെന്ന് ഇപ്പോൾ പ്രതിപക്ഷം പറയുന്നു. പി ആർ എസ് വായ്പ കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി സർക്കാരാണ്. പി ആർ എസ് വായ്പ അല്ലെങ്കിൽ ബദൽ എന്തെന്ന് പ്രതിപക്ഷം പറയണമെന്നും ജി ആര്‍ അനില്‍ പറഞ്ഞു. കർഷകൻ്റെ വ്യക്തിഗത ബാധ്യതയിൽ നിന്ന് പി ആർ എസ് വായ്പയെ ഒഴിവാക്കണമെന്നും ഇതിന് കേന്ദ്രം നടപടി എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആത്മഹത്യ ചെയ്ത കർഷകൻ ആദ്യം ഫെഡറൽ ബാങ്കിൽ നിന്നാണ് വായ്പയെടുത്ത്. തിരിച്ചടവിൽ മുടക്കമുണ്ടായിട്ടില്ല. രണ്ടാമത്തെ വായ്പ കേരള ബാങ്കാണ് നൽകിയത്. ഇതിലും ഇതുവരെ മുടക്കം വന്നിട്ടില്ല. സർക്കാർ ഗ്യാരണ്ടിയിലാണ് ബാങ്ക് വായ്പ നൽകുന്നത്. പിന്നെ എന്തിനാണ് കർഷകൻ്റെ പേരിൽ പ്രത്യേക ഗ്യാരണ്ടി ബാങ്ക് ആവശ്യപ്പെടുന്നത്. പി ആർ എസ് വായ്പയെടുക്കുന്ന കർഷകന്റെ സിബിൽ സ്കോർ ബാധിക്കുന്ന തരത്തിലുള്ള നിബന്ധന ബാങ്കുകൾ മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നിലവിൽ പി ആർ എസ് വായ്പ ഒരു കർഷകന്റെയും സിബിൽ സ്കോർ ബാധിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി, സബ്സിഡിയിൽ നിന്നും പിന്നോട്ടില്ലെന്നും വ്യക്തമാക്കി. സംസ്ഥാന സർക്കാരിൽ നിന്നും സബ്സിഡി ഇനത്തിൽ 800 കോടി കിട്ടാനുണ്ട്. 200 കോടി സപ്ലൈകോയ്ക്ക് ഇപ്പോൾ ലഭിച്ചു. കേന്ദ്ര സർക്കാർ പത്ത് പൈസ തന്നില്ലെങ്കിലും കർഷകന് പണം നൽകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios