കേന്ദ്ര വിഹിതമായി ലഭിക്കുന്ന അരി എത്തുന്നത് കീറച്ചാക്കുകളിലാണെന്ന പരാതിയെത്തുടര്‍ന്ന് കൊച്ചിയിലെ എഫ്സിഐ ഗോഡൗണിൽ പരിശോധന നടത്തി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി. 

കൊച്ചി: കേന്ദ്ര വിഹിതമായി ലഭിക്കുന്ന അരി എത്തുന്നത് കീറച്ചാക്കുകളിലാണെന്ന പരാതിയെത്തുടര്‍ന്ന് കൊച്ചിയിലെ എഫ്സിഐ ഗോഡൗണിൽ പരിശോധന നടത്തി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി. ചാക്കുകളുടെ ഗുണ നിലവാരം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി ജി ആർ അനിൽ എഫ്സിഐക്ക് കത്ത് നൽകി.

കീറിയ ചാക്കുകളിൽ അരി എത്തുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേരളത്തിന് ലഭിക്കേണ്ട അരിയുടെ ഗുണനിലവാരം നേരിട്ടറിയാൻ മന്ത്രി വില്ലിങ്ടണ്‍ ഐലന്റിലെ എഫ്സിഐ ഗോഡൗണിലെത്തിയത്.

മോശം ചാക്കുകളിലെത്തിക്കുന്നതിനാൽ കേരളത്തിന് ലഭിക്കുന്ന അരി പാഴാവുകയാണെന്നും ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള കത്ത് മന്ത്രി എഫ്സിഐ ഉദ്യോഗസ്ഥർക്ക് കൈമാറി. കൊവിഡ് സാഹചര്യത്തിൽ ചാക്കുകൾക്ക് ക്ഷാമമുള്ളതിനാൽ വീണ്ടും ഉപയോഗിക്കുന്നത് കൊണ്ടാണ് കേടുപാട് ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നാലെ സപ്ലൈക്കോയുടെ ഗോഡൗണിലും സന്ദര്‍ശനം നടത്തിയ മന്ത്രി പോരായ്മകൾ പരിഹരിക്കുമെന്നുമറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona