പാലക്കാട് ജില്ലാ പട്ടയമേളയിലാണ് ഇരുവരും വേദി പങ്കിട്ടത്. മന്ത്രി കൃഷ്ണൻ കുട്ടി, ശാന്തകുമാരി എംഎല്‍എ എന്നിവർ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു.

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കൊപ്പം വേദി പങ്കിട്ട് മന്ത്രി കെ കൃഷ്ണൻകുട്ടി. പാലക്കാട് ജില്ലാ പട്ടയമേളയിലാണ് ഇരുവരും വേദി പങ്കിട്ടത്. മന്ത്രി കൃഷ്ണൻ കുട്ടി, ശാന്തകുമാരി എംഎല്‍എ എന്നിവർ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു. ലൈംഗിക ആരോപണം ഉയർന്ന ശേഷം ഇതാദ്യമായാണ് രാഹുൽ മാങ്കൂട്ടത്തില്‍ ഒരു മന്ത്രിക്കും എഎൽഎക്കുമൊപ്പം വേദി പങ്കിടുന്നത്. കഴിഞ്ഞ ദിവസം, രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.

നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് രാഹുലിനൊപ്പം ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. അതേസമയം നേതൃത്വത്തെ അറിയിക്കാതെയാണ് ചെയർപേഴ്സൺ പങ്കെടുത്തതെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിൻ്റെ വിശദീകരണം. നേരത്തെ നഗരസഭയുടെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി വൈസ് ചെയർപേഴ്സൺ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് കത്ത് നൽകിയിരുന്നു. രാഹുലിനെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ശക്തമായ പ്രതിഷേധവുമായാണ് ബിജെപി രംഗത്തെത്തിയത്. രാഹുലിനെ പൊതുപരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ഇതിന് വിരുദ്ധമായി പാർട്ടി ഭരിക്കുന്ന നഗരസഭയുടെ ചെയർപേഴ്സൺ തന്നെ രാഹുലിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്തതിൽ നേതൃത്വം കടുത്ത അതൃപ്തിയിലാണ്.