Asianet News MalayalamAsianet News Malayalam

K Radhakrishnan : ആദിവാസികുട്ടികള്‍ക്കെന്താ പച്ചരിച്ചോര്‍? ഉദ്യോഗസ്ഥരോട് കയര്‍ത്ത് മന്ത്രി

കുട്ടികളോട് സംവദിക്കവെ ഭക്ഷണകാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് പച്ചരിച്ചോറാണ് നല്‍കുന്നതെന്ന കാര്യം മന്ത്രി അറിഞ്ഞത്. ഉടന്‍ ഉദ്യോഗസ്ഥരെ അടുത്തേക്ക് വിളിച്ച് ഇക്കാര്യത്തെ കുറിച്ച് ചോദിക്കുകയായിരുന്നു.
 

Minister K Radhakrishnan Visits Tribe hostel in Wayanad
Author
Kalpetta, First Published Dec 16, 2021, 10:46 PM IST

കല്‍പ്പറ്റ: ആദിവാസികുട്ടികള്‍ക്ക് (Tribe Children) നല്ല ഭക്ഷണം നല്‍കാത്ത ഹോസ്റ്റല്‍ (Hostel) അധികൃതരെയും ഉദ്യോഗസ്ഥരെയും ശാസിച്ച് മന്ത്രി കെ. രാധാകൃഷ്ണന്‍ (K Radhakrishnan). ആദിവാസികുട്ടികള്‍ക്കായുള്ള നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടത്തിയ സന്ദര്‍ശത്തിനിടെയായിരുന്നു ഉദ്യോഗസ്ഥരെയും പാചകക്കാരെയും വിളിച്ചുവരുത്തി ശാസിച്ചത്. കുട്ടികളോട് സംവദിക്കവെ ഭക്ഷണകാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് പച്ചരിച്ചോറാണ് നല്‍കുന്നതെന്ന കാര്യം മന്ത്രി അറിഞ്ഞത്. ഉടന്‍ ഉദ്യോഗസ്ഥരെ അടുത്തേക്ക് വിളിച്ച് ഇക്കാര്യത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. ഇനിമുതല്‍ കുട്ടികള്‍ക്ക് പച്ചരിച്ചോറ് നല്‍കരുതെന്ന് പറഞ്ഞ മന്ത്രി വിളച്ചിലെടുത്താല്‍ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥരോട് സൂചിപ്പിച്ചു.

ചില വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയ മന്ത്രി അപ്പോള്‍ കുട്ടികളെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. പോഷാകാഹാരക്കുറവാണ് പല കുട്ടികളിലും കാണാനായത്. ഞായറാഴ്ച ഉച്ചയോടെയാണ് സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയെത്തിയത് .ഒരു മണിക്കൂറോളം ഇവിടെ ചെലവിട്ട മന്ത്രി  കുട്ടികളുടെ ആരോഗ്യകാര്യങ്ങളും പഠന നിലവാരവും അധ്യാപകരോട് ചോദിച്ചറിഞ്ഞു. അല്‍പനേരം വിദ്യാര്‍ത്ഥികളോടും സംവദിച്ചു.  തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം ഉച്ച ഭക്ഷണവും കഴിച്ചാണ്  മന്ത്രി മടങ്ങിയത്.  ആദിവാസി ജനവിഭാഗങ്ങളെ സ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കല്‍പ്പറ്റ അമൃതില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന നിയമ ഗോത്രം  ഓറിയെന്റേഷന്‍ ക്ലാസ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ഓരോ കുടുംബത്തിനെയും സാശ്രയരാക്കുന്നതിന് ആവശ്യമായ  മൈക്രോ പദ്ധതികള്‍ തയ്യാറാക്കും.   പട്ടികജാതി പട്ടിക വികസന വകുപ്പിന്റെ ഫണ്ടുകള്‍ ചെലവഴിക്കുന്നതിലും കാലികമായ മാറ്റം വരുത്തും.  ഒരു കാലത്ത് ആടുകളും മാടുകളും പണിയായുധങ്ങളുമായിരുന്നു മേഖലയുടെ പുരോഗതിക്കായി വകുപ്പുകള്‍  നല്‍കിയിരുന്നത്.

ഇത്തരം പദ്ധതികള്‍ ആദിവാസി ജനവിഭാഗങ്ങളുടെ മുന്നേറ്റത്തിന്  പൂര്‍ണ്ണമായും സഹായകരമായില്ലെന്നതാണ്  വാസ്തവം.  വകുപ്പിന്റെ ഫണ്ടുകള്‍ കൃത്യമായ ലക്ഷ്യത്തോടെ ചെലവഴിക്കപ്പെടണമെന്നത് നിര്‍ബന്ധമാണ്.  ഫണ്ടുകള്‍ ക്രിയാത്മകമല്ലാതെ  ചെലവഴിക്കപ്പെടുന്ന രീതിക്ക് മാറ്റം വരുത്തുമെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. പട്ടിക വര്‍ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. വാണീദാസ് , ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി ചെറിയാന്‍, ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍മാരായ സി. ഇസ്മയില്‍, ജി. പ്രമോദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
 

Follow Us:
Download App:
  • android
  • ios