ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിലെ ശെൽവരാജിന്‍റെ മരണം രാഷ്ട്രീയ കൊലപാതകമാക്കാനുള്ള നീക്കത്തിന് പിന്നിൽ മന്ത്രി എംഎം മണിയെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് വിഎം സുധീരൻ. ഇടുക്കി എസ്പി, സിപിഎമ്മിന് വേണ്ടി ക്വട്ടേഷൻ ജോലി ചെയ്യുകയാണെന്നും പ്രതിഷേധ യോഗത്തിൽ സുധീരൻ കുറ്റപ്പെടുത്തി.

ഉടുമ്പൻചോലയിലെ ശെൽവരാജിന്‍റെ കൊലപാതകത്തെച്ചൊല്ലിയുളള രാഷ്ട്രീയ പോര് തുടരുകയാണ്. തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടെ സിപിഎം പ്രവർത്തകനായ ശെൽവരാജിനെ യുഡിഎഫ് പ്രവർത്തകർ മർദ്ദിച്ച് കൊന്നെന്നാണ് സിപിഎം ആരോപണം. എന്നാൽ, വ്യക്തിപരമായ തർക്കത്തെ തുടർന്നുണ്ടായ കൊലയെ സിപിഎം രാഷ്ട്രീയവൽക്കരിക്കുന്നുവെന്നാണ് കോൺഗ്രസ് മറുപടി. 

മന്ത്രി എംഎം മാണിയാണ് ഈ ഗൂഢാലോചന പിന്നിലെന്നാണ് വിഎം സുധീരൻ ആരോപിക്കുന്നത്. അതേസമയം, വ്യക്തിപരമായ തർക്കമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് എഫ്ഐആർ വന്നതെങ്കിലും രാഷ്ട്രീയക്കൊലയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് സിപിഎം ഇപ്പോഴും.