നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വിവിധ പരിപാടികളാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്നത്. നല്ല മാറ്റം ഇപ്പോള്‍ തന്നെ പ്രകടമാണെന്നും പി രാജീവ്
തിരുവനന്തപുരം: വികല മനോഭാവമുള്ള ചിലരാണ് വികസനത്തിന്‍റെ ശത്രുക്കളെന്ന് വ്യവസായമന്ത്രി പി രാജീവ് (P Rajeev). ഏഷ്യാനെറ്റ് ന്യൂസിന്‍റെ മിനിസ്റ്റര്‍ ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ, കെഎസ്ആര്‍ടിസി (KSRTC) നന്നാക്കിയിട്ട് പോരെ കെ റെയില്‍ (K Rail) എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വ്യവസായമന്ത്രി. ഇങ്ങനെയൊരു മനോഭാവം മാറിയാല്‍ മാത്രമേ കേരളം വികസിക്കു. കേരളത്തെ നിക്ഷേപ സൗഹൃദമാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് നിക്ഷേപകര്‍ക്കുള്ള തടസ്സം നീക്കുമെന്നും ആവശ്യമെങ്കില്‍ ചട്ടങ്ങളില്‍ മാറ്റം വരുമെത്തുമെന്നും മന്ത്രി പറഞ്ഞു.

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വിവിധ പരിപാടികളാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്നത്. നല്ല മാറ്റം ഇപ്പോള്‍ തന്നെ പ്രകടമാണ്. പരിശോധന പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയത് നിക്ഷേപകര്‍ക്ക് വലിയ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു. എല്ലാകാലവും കയര്‍ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ വില കൊടുത്ത് വാങ്ങുക എന്ന രീതി മാറണം. കയര്‍ മേഖലയിലെ തെറ്റായ സമ്പ്രദായങ്ങള്‍ മാറിയേ മതിയാകു എന്നും പി രാജീവ് പറഞ്ഞു. കാസര്‍കോഡ് വലിയ വ്യവസായം വരാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് വഴി കുറ്റമറ്റ നിലയില്‍ നടത്തുമെന്നും മന്ത്രി പരിപാടിയില്‍ പറഞ്ഞു.

