Asianet News MalayalamAsianet News Malayalam

കെഎഎല്ലിൽ വ്യവസായ മന്ത്രിയുടെ മിന്നൽ സന്ദർശനം; നടപടി ഏഷ്യാനെറ്റ് ന്യൂസ് പരമ്പരക്ക് പിന്നാലെ

ഒന്നാം പിണറായി സർക്കാർ ഏറെ കൊട്ടിഘോഷിച്ച് അവതരിച്ച ഇലക്ട്രിക്ക് ഓട്ടോ നിർമാണം പാതിവഴിയിൽ പ്രതിസന്ധിലായത് ഏഷ്യാനെറ്റ് ന്യൂസ് ഇലക്'ട്രിക്ക്' പരമ്പരയിലൂടെ പുറത്ത് കൊണ്ടുവന്നിരുന്നു

Minister P Rajeev visits KAL without informing MD following Asianet news report
Author
Thiruvananthapuram, First Published Aug 13, 2021, 6:37 PM IST

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് പരമ്പരക്ക് പിന്നാലെ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ വ്യവസായ മന്ത്രി പി രാജീവിന്റെ മിന്നൽ സന്ദർശനം. ഇലക്ട്രിക് ഓട്ടോയിൽ കയറി കാര്യക്ഷമത പരിശോധിച്ച മന്ത്രി സ്ഥാപനത്തെ കുറിച്ച് ഉയർന്ന ആരോപണങ്ങളിൽ റിയാബിനോട് അടിയന്തര റിപ്പോർട്ട് തേടി.

ഒന്നാം പിണറായി സർക്കാർ ഏറെ കൊട്ടിഘോഷിച്ച് അവതരിച്ച ഇലക്ട്രിക്ക് ഓട്ടോ നിർമാണം പാതിവഴിയിൽ പ്രതിസന്ധിലായത് ഏഷ്യാനെറ്റ് ന്യൂസ് ഇലക്'ട്രിക്ക്' പരമ്പരയിലൂടെ പുറത്ത് കൊണ്ടുവന്നിരുന്നു. കണക്ക് കൂട്ടിയതിന്റെ മൂന്നിലൊന്ന് ഓട്ടോകൾ പോലും നിരത്തിലിറക്കാനാകാത്തതും, ദയനീയമായ മൈലേജും, അനാവശ്യ നിർമാണ ചെലവുകളും, ഡീലർമാർ പദ്ധതിയിൽ നിന്ന് പിന്മാറുന്നതും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് വ്യവസായ മന്ത്രിയുടെ അടിയന്തര ഇടപെടൽ. എംഡി അറിയാതെ മന്ത്രി നെയ്യാറ്റിൻകരയിലെ കെഎഎൽ വ്യവസായശാലയിൽ നേരിട്ടെത്തി. ഓട്ടോയിൽ കയറി പരിശോധന നടത്തി. ജീവനക്കാരോടും, ഉദ്യോഗസ്ഥരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഡീലർമാരിൽ നിന്നും പ്രതികരണം തേടി. കുറഞ്ഞ മൈലേജ് അടക്കമുള്ള പ്രശ്നങ്ങൾ ഡീലർമാർ മന്ത്രിയെ അറിയിച്ചു. ചില ഡീലർമാർ പരാതിയില്ലെന്നും വ്യക്തമാക്കി. ഇ-ഓട്ടോയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പരാതികളും പരിശോധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് റിയാബിന് മന്ത്രിയുടെ നിർദ്ദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ. ജീവനക്കാർക്ക് നൽകാനുള്ള അഞ്ച് മാസത്തെ ശമ്പള കുടിശ്ശികയിൽ, ഒരു മാസത്തെ ശമ്പളം ഓണത്തിന് മുൻപ് നൽകാനും മന്ത്രിയുടെ നിർദ്ദേശമുണ്ട്.
 

Follow Us:
Download App:
  • android
  • ios